ബഹ്റൈൻ വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ പുനരാരംഭിച്ച് ഗൾഫ് എയർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഗൾഫ് എയർ, ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചതായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യാത്രാ ശൃംഖല സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി , തിരുവനന്തപുരം എന്നിവയുൾപ്പെടെയുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ ലഭ്യമാകുമെന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
ബഹ്‌റൈനിൽ നിന്നുള്ള ആദ്യഘട്ട സർവീസുകളിൽ കൊച്ചി, തിരുവനന്തപുരം എന്നിവയ്ക്ക് പുറമെ ദുബായ്, ജിദ്ദ, റിയാദ്, ലണ്ടൻ ഹീത്രൂ, നെയ്‌റോബി, ധാക്ക, മുംബൈ, ഡൽഹി, ഹൈദരാബാദ്, ഇസ്ലാമാബാദ്, ലാഹോർ എന്നീ നഗരങ്ങളും ഉൾപ്പെടുന്നു. അതേസമയം, ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിലവിലെ വിമാന സർവീസുകൾ മാറ്റമില്ലാതെ തുടരുമെന്നും കമ്പനി അറിയിച്ചു.
ഗൾഫ് എയർ ഗ്രൂപ്പ് ചെയർമാൻ ഖാലിദ് തഖി ഈ സുപ്രധാന പ്രഖ്യാപനത്തിൽ സന്തോഷം പ്രകടിപ്പിച്ചു. വ്യോമയാന മേഖലയ്ക്ക് ബഹ്‌റൈൻ ഭരണനേതൃത്വം നൽകുന്ന വലിയ പിന്തുണയ്ക്കും കരുതലിനും ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തിൽ ഗതാഗത മന്ത്രാലയം, സിവിൽ ഏവിയേഷൻ, പ്രതിരോധ സേന, വിദേശകാര്യ-ആഭ്യന്തര മന്ത്രാലയങ്ങൾ എന്നിവർ നൽകിയ ഏകോപനത്തെയും അദ്ദേഹം പ്രശംസിച്ചു. ദമാമിലെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിച്ച സൗദി അറേബ്യൻ ഭരണകൂടത്തോടും സിവിൽ ഏവിയേഷൻ അതോറിറ്റിയോടും പ്രത്യേക കൃതജ്ഞതയും അദ്ദേഹം അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഗൾഫ് എയർ എപ്പോഴും മുൻഗണന നൽകുന്നത്. നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതരുമായി ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുമെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് ഏറ്റവും പുതിയ സമയവിവരങ്ങൾ അറിയാനായി ഗൾഫ് എയറിന്റെ ഔദ്യോഗിക വെബ്സൈറ്റോ (gulfair.com) മൊബൈൽ ആപ്പോ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ബുക്കിംഗ് സമയത്ത് നൽകിയിട്ടുള്ള വിവരങ്ങൾ വഴി യാത്രക്കാരെ നേരിട്ട് ബന്ധപ്പെടാനുള്ള സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ട്.
aa




