ചികിത്സാ പിഴവ്: സൽമാനിയ ആശുപത്രി 5,400 ദിനാർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ നടന്ന ശസ്ത്രക്രിയക്കിടെയുണ്ടായ ചികിത്സാ പിഴവിന് ഇരയായ കുടുംബത്തിന് 5,400 ബഹ്‌റൈനി ദിനാർ നഷ്ടപരിഹാരം നൽകാൻ സെക്കൻഡ് ഹൈ സിവിൽ കോടതി ഓഫ് അപ്പീൽ ഉത്തരവിട്ടു. ക്രിമിനൽ നടപടികളിൽ ഡോക്ടർമാരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നുവെങ്കിലും, സിവിൽ കോടതിയിൽ കുടുംബത്തിന് അനുകൂലമായ വിധി വരികയായിരുന്നു.
2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൽമാനിയ ആശുപത്രിയിൽ രോഗിയുടെ കാലിലെ ലോഹ ഇംപ്ലാന്റുകൾ (Metal Implants) നീക്കം ചെയ്യുന്നതിനിടയിൽ അശ്രദ്ധമൂലം നാഡികൾക്ക് പരിക്കേൽക്കുകയായിരുന്നു. ഈ ശസ്ത്രക്രിയയിലെ പിഴവ് മൂലം രോഗിക്ക് 12 ശതമാനം സ്ഥിരമായ വൈകല്യം സംഭവിക്കുകയും വിട്ടുമാറാത്ത വേദന അനുഭവപ്പെടുകയും ചെയ്തു. മെഡിക്കൽ കമ്മിറ്റി റിപ്പോർട്ടുകൾ ചികിത്സയിൽ വീഴ്ചയുണ്ടായതായി സ്ഥിരീകരിച്ചിരുന്നുവെങ്കിലും, ഇതിൽ ഏത് ഡോക്ടറാണ് നേരിട്ട് ഉത്തരവാദിയെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
നേരത്തെ കീഴ്ക്കോടതി കുടുംബത്തിന്റെ സിവിൽ ക്ലെയിം നിരസിച്ചിരുന്നു. എന്നാൽ അപ്പീൽ കോടതി ഈ തീരുമാനം റദ്ദാക്കി. ഡോക്ടർമാർ ക്രിമിനൽ കേസിൽ കുറ്റവിമുക്തരാക്കപ്പെട്ടത് സിവിൽ ബാധ്യതയിൽ നിന്ന് ആശുപത്രിയെ ഒഴിവാക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ചികിത്സാ പിഴവിന് ആശുപത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കണ്ടെത്തിയ കോടതി, രോഗിക്ക് ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്ക് 4,500 ദിനാറും കുടുംബാംഗങ്ങൾക്ക് ബാക്കി തുകയും ഉൾപ്പെടെ ആകെ 5,400 ദിനാർ നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു.
ഡോക്ടർമാരുടെ പേരിൽ വ്യക്തിപരമായി കുറ്റം ചുമത്താൻ കഴിയില്ലെങ്കിലും, ചികിത്സാ രംഗത്തെ പിഴവുകൾക്ക് രോഗിയും കുടുംബവും നഷ്ടപരിഹാരത്തിന് അർഹരാണെന്ന് കോടതി വിധിയിലൂടെ വ്യക്തമാക്കി.
aa




