ആറാം വാർഷികാഘോഷത്തിന്റെ നിറവിൽ 'ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ്സ്'
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ 'ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ്സ്' തങ്ങളുടെ ആറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു മാസം നീണ്ടുനിന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ സമാപിച്ചു. മനാമയിലെ അന്ദലൂസ് ഗാർഡനിൽ നടന്ന പരിപാടിയോടെയാണ് വാർഷികാഘോഷങ്ങൾ പൂർത്തിയായത്.
ബഹ്‌റൈനിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഒരു മാസമായി വിവിധ ക്ഷേമപ്രവർത്തനങ്ങൾ സംഘടന നടപ്പിലാക്കിയത്. സമാപന ചടങ്ങിൽ തൊഴിലാളികളോടുള്ള ആദരസൂചകമായി മധുരപലഹാരങ്ങളും ലഘുഭക്ഷണങ്ങളും കുടിവെള്ളവും വിതരണം ചെയ്തു. രാജ്യത്തെ തൊഴിലാളി സമൂഹത്തിന്റെ ക്ഷേമത്തിനായി സംഘടന നടത്തുന്ന നിരന്തരമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
അഹ്‌ലിയ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. സുബ്രഹ്മണ്യം, പ്രശസ്ത വ്ലോഗർ ജെസ്‌ന എന്നിവർ വിതരണോദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ്സ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ഫസ്‌ലുർ റഹ്മാൻ, ആയിഷ നിഹാര, ആമിന സുലൈഹ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഒരു മാസം നീണ്ടുനിന്ന വാർഷികാഘോഷങ്ങൾ വിജയകരമാക്കാൻ സഹായിച്ച വോളന്റിയർമാർക്കും സുമനസ്സുകൾക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
aa




