20 വർഷത്തെ സൗദി ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി
ഷീബ വിജയൻ
നീണ്ട രണ്ട് പതിറ്റാണ്ടിന്റെ സൗദി ജയിൽവാസത്തിന് ശേഷം കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കൽ അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി. റിയാദിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ റഹീമിനെ സ്വീകരിക്കാൻ ബന്ധുക്കളും നാട്ടുകാരും എത്തിയിരുന്നു. ലീഗൽ കമ്മിറ്റിയിലെ സിദ്ദീഖ് തുവ്വൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 2006-ൽ ഡ്രൈവർ വിസയിൽ സൗദിയിലെത്തിയ റഹീം, പരിചരിച്ചിരുന്ന ചലനശേഷി ഇല്ലാത്ത സൗദി ബാലൻ അനസ് അബദ്ധത്തിൽ മരണപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റിലായത്. 2011-ൽ കോടതി വധശിക്ഷ വിധിച്ചെങ്കിലും കെഎംസിസി, ഇന്ത്യൻ എംബസി, സര്വ്വകക്ഷി സമിതി എന്നിവരുടെ ഇടപെടലിലൂടെ 34 കോടി രൂപ (15 മില്യൺ സൗദി റിയാൽ) ദിയാധനം നൽകി മോചനം സാധ്യമാക്കുകയായിരുന്നു. 'സേവ് അബ്ദുൽ റഹീം' ആപ്പിലൂടെ ലോകമലയാളികൾ ഒന്നടങ്കം ചേർന്നാണ് ഈ തുക സമാഹരിച്ചത്. തുടർന്ന് വധശിക്ഷ റദ്ദാക്കുകയും നിയമനടപടികൾ പൂർത്തിയാക്കി റഹീം നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു.
adswaswdas

