പ്രസിദ്ധമായ കൊട്ടിയൂർ വൈശാഖോത്സവത്തിന് ഇന്ന് തുടക്കമാകും
ഷീബ വിജയൻ
കണ്ണൂരിലെ മലയോര മേഖലയിലുള്ള പ്രശസ്തമായ കൊട്ടിയൂർ വൈശാഖോത്സവത്തിന് ഇന്ന് തുടക്കമാകും. രാത്രി സ്വയംഭൂവിൽ നടക്കുന്ന നെയ്യാഭിഷേകത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. വയനാട്ടിലെ മുതിരേരി കാവിൽ നിന്നുള്ള വാൾ സന്ധ്യയോടെ ഇക്കരെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച് എത്തിക്കുകയും ബലി ബിംബങ്ങൾക്കൊപ്പം പ്രതിഷ്ഠിക്കുകയും ചെയ്യും. ചോതി വിളക്ക് തെളിയിക്കുന്നതിനായി തേടൻ വാരിയർ ഓടയും തീയും കൊണ്ടുവന്ന ശേഷം സ്ഥാനികർ അക്കരെ പ്രവേശിച്ച് മൺതാലങ്ങളിൽ ദീപം തെളിയിക്കും. തുടർന്ന് പുണ്യാഹം നടത്തി, അഷ്ടബന്ധം നീക്കി രാശി വിളിച്ച ശേഷമായിരിക്കും നെയ്യാട്ടം. വില്ലിപ്പാലൻ കുറുപ്പ്, തമ്മേങ്ങാടൻ നമ്പ്യാർ എന്നിവരുടെ നെയ്യാണ് ആദ്യം അഭിഷേകം ചെയ്യുക. വെള്ളിയാഴ്ച രാത്രി ഭണ്ഡാരം എഴുന്നള്ളത്ത് നടക്കുന്നതോടെ ശനിയാഴ്ച മുതൽ സ്ത്രീകൾക്കും അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശനം അനുവദിക്കും.
dsczxadssadas

