ബലിപെരുന്നാൾ: ആശംസകൾ കൈമാറി ബഹ്‌റൈൻ ഭരണാധികാരികൾ; അറബ് നേതാക്കളുമായും ചർച്ച നടത്തി
പ്രദീപ് പുറവങ്കര
മനാമ: ഈദുൽ അദ്ഹ (ബലിപെരുന്നാൾ) പ്രമാണിച്ച് ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും പരസ്പരം പെരുന്നാൾ ആശംസകൾ കൈമാറി. ബഹ്‌റൈൻ കൈവരിച്ച സമാനതകളില്ലാത്ത നേട്ടങ്ങളിൽ ഇരുവരും പങ്കുവെച്ച സന്ദേശങ്ങളിൽ അഭിമാനം രേഖപ്പെടുത്തി.
രാജാവിന് അയച്ച ആശംസ സന്ദേശത്തിൽ, കിംഗ് ഹമദിന്റെ ശക്തമായ നേതൃത്വത്തിന് കീഴിൽ രാജ്യം കൈവരിച്ച സമഗ്രമായ വികസനത്തെയും 'നാഗരിക സാംസ്കാരിക നവോത്ഥാനത്തെയും' കിരീടാവകാശി പ്രിൻസ് സൽമാൻ പ്രകീർത്തിച്ചു. പുരോഗതിയുടെയും സ്ഥിരതയുടെയും സമൃദ്ധിയുടെയും മാതൃകയായി ബഹ്‌റൈൻ മാറിയെന്ന് വ്യക്തമാക്കിയ അദ്ദേഹം രാജാവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. കിരീടാവകാശിയുടെ ആശംസകൾക്ക് നന്ദി അറിയിച്ച രാജാവ്, രാജ്യസേവനത്തിൽ അദ്ദേഹത്തിന് കൂടുതൽ വിജയമുണ്ടാകട്ടെ എന്ന് ആശംസിച്ചു.
രാജ്യത്തിനകത്തുമാത്രമല്ല, ഇതര ഗൾഫ്, അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ ഭരണാധികാരികളുമായും കിംഗ് ഹമദ് പെരുന്നാൾ ആശംസകൾ കൈമാറി. ഈ പുണ്യദിനം ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് നന്മയും സമൃദ്ധിയും നൽകട്ടെയെന്ന് അദ്ദേഹം പ്രാർത്ഥിച്ചു.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, മലേഷ്യൻ സുൽത്താൻ ഇബ്രാഹിം, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ, കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് എന്നിവരുമായി രാജാവ് ഫോണിൽ നേരിട്ട് സംസാരിച്ച് ഈദ് ആശംസകൾ പങ്കുവെക്കുകയും ബഹ്‌റൈന് മറ്റ് സൗഹൃദ രാജ്യങ്ങളുമായുള്ള ശക്തമായ സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്തു.
fsfs

