അന്ന് ബിനീഷ്, ഇന്ന് വീണ; മാസപ്പടി കേസ് റെയ്ഡിനിടെ പിണറായിയുടെ പഴയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു
ഷീബ വിജയൻ
മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇഡി റെയ്ഡ് നടന്ന പശ്ചാത്തലത്തിൽ, 2020-ൽ ബിനീഷ് കോടിയേരി ഇഡി നിരീക്ഷണത്തിലായപ്പോൾ പിണറായി വിജയൻ എടുത്ത നിലപാട് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. അന്ന് അത് വെറുമൊരു അന്വേഷണ ഏജൻസിയുടെ കാര്യം മാത്രമാണെന്നും നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ നിയമം വഴി നേരിടുമെന്നുമാണ് പിണറായി പറഞ്ഞിരുന്നത്. എന്നാൽ പിണറായിയുടെ വീട്ടിലെ റെയ്ഡിൽ പ്രതിഷേധിക്കാനെത്തിയ ബിനീഷ് കോടിയേരി, പിണറായിയുടെ കുടുംബം തന്റെയും കുടുംബമാണെന്നും പാർട്ടി നിലപാടിനൊപ്പമാണെന്നും വ്യക്തമാക്കിയിരുന്നു. അതിനിടെ, മാസപ്പടി കേസിൽ ഇഡി കസ്റ്റഡിയിലെടുത്ത വീണ വിജയന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി പിഎംഎൽഎ കോടതിയിൽ സമർപ്പിക്കും. വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപ ഇഡി മരവിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 12 ഇടങ്ങളിൽ നടന്ന പരിശോധനയിൽ തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടകവീട്ടിൽ എട്ടര മണിക്കൂറോളം റെയ്ഡ് നീണ്ടുനിന്നെങ്കിലും കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്ന് ഇഡി രേഖാമൂലം അറിയിച്ചു.
cxzcxcxz

