ജോലിക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ച സംഭവം; ബഹ്‌റൈനിൽ ലേബർ സൂപ്പർവൈസർക്ക് ആറ് മാസം തടവ്
പ്രദീപ് പുറവങ്കര
മനാമ: നാലാം നിലയിലെ മേൽക്കൂരയിൽ നിന്ന് വീണ് 77 കാരനായ ബംഗ്ലാദേശ് സ്വദേശി മരിച്ച സംഭവത്തിൽ ലേബർ സൂപ്പർവൈസർക്ക് ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. 100 ബഹ്‌റൈനി ദീനാർ ജാമ്യത്തുക കെട്ടിവെച്ചാൽ ശിക്ഷ താൽക്കാലികമായി സസ്പെൻഡ് ചെയ്യുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വരുത്തിയ വീഴ്ചയും അശ്രദ്ധയുമാണ് മരണത്തിന് കാരണമായതെന്ന് കോടതി കണ്ടെത്തി.
വെൽഡിങ് ആൻഡ് ഫാബ്രിക്കേഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇര, ഒരു റെസ്റ്റോറന്റിന്റെ മുകളിൽ ജോലി പൂർത്തിയാക്കിയ ശേഷം ഉപകരണങ്ങൾ ശേഖരിക്കുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. കെട്ടിടത്തിന്റെ സുരക്ഷിതമല്ലാത്ത വശത്തുനിന്ന് ഏതാണ്ട് 20 മീറ്റർ ഉയരത്തിൽ നിന്നാണ് ഇയാൾ താഴേക്ക് വീണത്. തലച്ചോറിനേറ്റ കടുത്ത പരിക്കുകളെ തുടർന്ന് പിന്നീട് മരണപ്പെടുകയായിരുന്നു.
സ്ഥലത്തെ സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങളാണ് അപകടത്തിന് കാരണമായതെന്ന് ലേബർ മന്ത്രാലയത്തിന്റെ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഇൻസ്‌പെക്ഷൻ വിഭാഗം നടത്തിയ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളോ കൃത്യമായ മേൽനോട്ടമോ നൽകുന്നതിൽ സൂപ്പർവൈസർ പരാജയപ്പെട്ടുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ബഹ്‌റൈൻ പീനൽ കോഡിലെ ആർട്ടിക്കിൾ 66 പ്രകാരമുള്ള പരമാവധി ശിക്ഷയാണ് കോടതി പ്രതിക്ക് ചുമത്തിയത്.
dgdsg

