വാഹനാപകടത്തിൽ പരിക്കേറ്റയാളിന് 5,500 ദിനാർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: വാഹനാപകടത്തിൽ സ്ഥിരമായ ശാരീരിക വൈകല്യം സംഭവിച്ച വ്യക്തിക്ക് 5,500 ബഹ്‌റൈനി ദിനാർ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഹൈ സിവിൽ കോടതി ഉത്തരവിട്ടു. മറ്റൊരാളുടെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലമുണ്ടായ അപകടത്തിൽ പരിക്കേറ്റയാളിനാണ് കോടതി വിധിയിലൂടെ നീതി ലഭിച്ചത്.
അപകടത്തെത്തുടർന്ന് പരാതിക്കാരന് 11 ശതമാനം സ്ഥിരമായ ശാരീരിക വൈകല്യം സംഭവിച്ചതായി മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. ഇൻഷുറൻസ് പരിരക്ഷയുള്ള വാഹനമോടിച്ചിരുന്ന ഡ്രൈവർക്കെതിരെ അപകടവുമായി ബന്ധപ്പെട്ട് നേരത്തെ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം തേടി ഹൈ സിവിൽ കോടതിയെ സമീപിച്ചത്.
ഇൻഷുറൻസ് പോളിസി പ്രകാരം അപകടമുണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് കമ്പനി നിയമപരമായി ഉത്തരവാദിയാണെന്ന് കോടതി നിരീക്ഷിച്ചു. ശാരീരികമായ പ്രയാസങ്ങൾക്കും മാനസികമായ വിഷമങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ കമ്പനി ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി.
വിധി പ്രകാരം, 5,000 ദിനാർ ശാരീരികമായ നാശനഷ്ടങ്ങൾക്കും (Material Damages) 500 ദിനാർ മാനസികമായ പ്രയാസങ്ങൾക്കും (Moral Damages) ഉൾപ്പെടെയാണ് ആകെ തുക നിശ്ചയിച്ചിരിക്കുന്നത്. ഇതിനുപുറമെ കേസ് നടത്താനുണ്ടായ നിയമപരമായ ചെലവുകളും പലിശയും ഇൻഷുറൻസ് കമ്പനി നൽകണമെന്നും കോടതി ഉത്തരവിട്ടു.
aa




