ഇന്ത്യയിൽ ഫിഫ ലോകകപ്പ് 2026 സംപ്രേഷണം അനിശ്ചിതത്വത്തിൽ; പിന്മാറി പ്രസാർ ഭാരതിയും
ഷീബ വിജയൻ
ജൂൺ 12-ന് വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ പന്തുരുളാൻ വെറും മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ, ഫിഫ ലോകകപ്പ് 2026-ന്റെ ഇന്ത്യയിലെ തത്സമയ സംപ്രേഷണം കടുത്ത പ്രതിസന്ധിയിലായി. ടൂർണമെന്റിന്റെ ഇന്ത്യയിലെ ബ്രോഡ്കാസ്റ്റിങ് അവകാശം സ്വന്തമാക്കാൻ നിലവിൽ ഒരു പ്രമുഖ കായിക ചാനലുകളും മുന്നോട്ടുവന്നിട്ടില്ല. അതിനിടെ, ലോകകപ്പ് സംപ്രേഷണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പ്രസാർ ഭാരതി ഡൽഹി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. മത്സരങ്ങൾ നടക്കുന്ന അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ സമയക്രമം അനുസരിച്ച് ഇന്ത്യയിൽ മത്സരങ്ങൾ അർധരാത്രിയിലും പുലർച്ചെയുമായിരിക്കും സംപ്രേഷണം ചെയ്യേണ്ടി വരിക. ആകെയുള്ള 104 മത്സരങ്ങളിൽ 14 എണ്ണം മാത്രമാണ് ഇന്ത്യൻ സമയം അർധരാത്രിക്ക് മുൻപ് നടക്കുന്നത്. ഈ സമയമാറ്റം കാഴ്ചക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടാക്കുമെന്ന ഭയമാണ് വലിയ തുക മുടക്കി അവകാശം വാങ്ങുന്നതിൽ നിന്നും ചാനലുകളെ പിന്നോട്ട് വലിപ്പിക്കുന്നത്.

