മന്ത്രിമാരെ ചോദ്യം ചെയ്യുന്നതിനുള്ള നിയമങ്ങളിൽ ഇളവ്; പാർലമെൻ്ററി മേൽനോട്ടം ശക്തമാക്കാൻ ഭരണഘടനാ ഭേദഗതി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തെ ഭരണനിർവ്വഹണത്തിൽ പാർലമെൻ്റിൻ്റെ മേൽനോട്ടം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ആഭ്യന്തര ചട്ടങ്ങളിൽ നിർണ്ണായക ഭേദഗതി വരുത്താനുള്ള നിർദ്ദേശത്തിന് പാർലമെൻ്റ് അംഗീകാരം നൽകി. മന്ത്രിമാരെ ചോദ്യം ചെയ്യുന്നതിനും അവരെ ഉത്തരവാദിത്വബോധമുള്ളവരാക്കാനുമുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതാണ് പുതിയ ഭേദഗതി.

നിലവിലെ നിയമപ്രകാരം ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നതിലെ ഗൗരവം കണക്കിലെടുത്ത് നടപടികളുമായി മുന്നോട്ട് പോകാൻ സഭയിലെ മൂന്നിൽ രണ്ട് (2/3) അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഇത് ലളിതമായ ഭൂരിപക്ഷം (Simple Majority) ആയി കുറച്ചു. ഇതോടെ മന്ത്രിമാരെ സഭയിൽ ചോദ്യം ചെയ്യുക എന്ന ശക്തമായ ഉത്തരവാദിത്ത നിർവ്വഹണ ഉപകരണം പ്രയോഗിക്കുന്നത് എംപിമാർക്ക് കൂടുതൽ എളുപ്പമാകും.

എംപിമാരായ അഹമ്മദ് സൽമാൻ അൽ മുസല്ലം, അബ്ദുൾനബി സൽമാൻ അഹമ്മദ്, അഹമ്മദ് അബ്ദുൾവാഹിദ് ഖറാത്ത, മഹ്മൂദ് മിർസ ഫർദാൻ, സൈനബ് അബ്ദുൽ അമീർ ഖലീൽ എന്നിവരാണ് പാർലമെൻ്ററി പരിശോധന ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഈ നിർദ്ദേശം സമർപ്പിച്ചത്. നിലവിലെ സങ്കീർണ്ണമായ നടപടിക്രമങ്ങൾ മന്ത്രിമാരെ ചോദ്യം ചെയ്യുന്നതിന് തടസ്സമാകുന്നു എന്ന വിലയിരുത്തലിനെത്തുടർന്നാണ് വോട്ടിംഗ് പരിധിയിൽ മാറ്റം വരുത്തിയത്.

പുതിയ ഭേദഗതിയിൽ ചോദ്യം ചെയ്യൽ സെഷനുകളുടെ സുതാര്യത ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. ചോദ്യം ചെയ്യൽ നടപടികൾ രഹസ്യമായി നടത്തണമെന്ന് സർക്കാരിനോ സ്പീക്കർക്കോ അതല്ലെങ്കിൽ കുറഞ്ഞത് പത്ത് എംപിമാർക്കോ ആവശ്യപ്പെടാം. എന്നാൽ സഭയിലെ മൂന്നിൽ രണ്ട് അംഗങ്ങൾ ഈ ആവശ്യത്തെ എതിർക്കുകയാണെങ്കിൽ ചോദ്യം ചെയ്യൽ പരസ്യമായി തന്നെ നടത്തണം.

മന്ത്രിമാരുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനും ജനപ്രതിനിധികൾക്ക് ഭരണനിർവ്വഹണത്തിൽ കൂടുതൽ ഇടപെടാൻ അവസരം നൽകുന്നതുമാണ് ഈ പുതിയ നീക്കമെന്ന് നിയമനിർമ്മാതാക്കൾ അഭിപ്രായപ്പെട്ടു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed