ഭക്ഷ്യലഭ്യതയിൽ ആശങ്ക വേണ്ട; ബഹ്‌റൈനിൽ വിതരണശൃംഖല സുരക്ഷിതമെന്ന് അധികൃതർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും ബഹ്‌റൈനിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും വിതരണവും തടസ്സമില്ലാതെ തുടരുന്നതായി അധികൃതരും വിപണി വൃത്തങ്ങളും അറിയിച്ചു. നിലവിലെ സാഹചര്യങ്ങളിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടാകുമോ എന്ന പൊതുജനങ്ങളുടെ ആശങ്കകൾക്കിടയിലാണ് വിപണി സുരക്ഷിതമാണെന്ന ഉറപ്പുമായി വ്യാപാരികൾ രംഗത്തെത്തിയത്.
മനാമ സെൻട്രൽ മാർക്കറ്റിലെ വ്യാപാരികൾ നൽകുന്ന വിവരമനുസരിച്ച് തക്കാളി, കാബേജ്, ഉള്ളി, ലെറ്റൂസ് തുടങ്ങിയ പച്ചക്കറികൾ സൗദി അറേബ്യ വഴി കൃത്യസമയത്ത് വിപണിയിൽ എത്തുന്നുണ്ട്. ചരക്കുനീക്കത്തിൽ യാതൊരുവിധ കാലതാമസവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ലഭ്യതയിൽ കുറവില്ലെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തെ പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും ലോക്കൽ മാർക്കറ്റുകളും ഇതേ നിലപാട് തന്നെയാണ് പങ്കുവെച്ചത്. അവശ്യസാധനങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ടെന്നും വിതരണ കേന്ദ്രങ്ങളും ലോജിസ്റ്റിക് നെറ്റ്‌വർക്കുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
കുടിവെള്ള വിതരണ മേഖലയിലും പ്രതിസന്ധികളില്ല. ചെറുകിട ബോട്ടിലുകൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ സൗദി അറേബ്യയിൽ നിന്ന് കൃത്യമായി എത്തുന്നുണ്ടെന്ന് പ്രാദേശിക ജലവിതരണ കമ്പനികൾ അറിയിച്ചു. അടുത്ത ഏതാനും ആഴ്ചകളിലേക്ക് ഉൽപ്പാദനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ സ്റ്റോക്ക് നിലവിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വിപണികളിലെ സാധനങ്ങളുടെ ലഭ്യതയും വിലയും കൃത്യമായി നിരീക്ഷിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം സജീവമായി രംഗത്തുണ്ട്. വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ബിൻ ആദൽ ഫക്രുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം രാജ്യത്തെ മാർക്കറ്റുകളിലും ഉൽപ്പാദന കേന്ദ്രങ്ങളിലും ഗോഡൗണുകളിലും പതിവായി പരിശോധന നടത്തുന്നുണ്ട്. സപ്ലൈ ചെയിൻ സുസ്ഥിരമാണെന്നും വിപണിയിൽ സാധനങ്ങൾക്ക് ക്ഷാമമില്ലെന്നും ഉറപ്പാക്കുകയാണ് മന്ത്രാലയത്തിൻ്റെ ലക്ഷ്യം. സൂപ്പർ മാർക്കറ്റുകളിലെ ഷെൽഫുകളിൽ നിത്യോപയോഗ സാധനങ്ങളുടെ സ്റ്റോക്ക് സാധാരണ നിലയിലാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഉപഭോക്താക്കളും സാക്ഷ്യപ്പെടുത്തുന്നു.
aa




