സ്ത്രീകളെ കടത്തി പെൺവാണിഭത്തിന് ഇരയാക്കി : പ്രതികളുടെ അപ്പീലിൽ ഏപ്രിൽ 27-ന് വിധി പറയും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിൽ ജോലി വാഗ്ദാനം ചെയ്ത് വിദേശ വനിതകളെ എത്തിച്ച് പെൺവാണിഭത്തിന് ഇരയാക്കിയ കേസിൽ പ്രതികളുടെ അപ്പീലിൽ ഹൈ ക്രിമിനൽ അപ്പീൽ കോടതി ഏപ്രിൽ 27-ന് വിധി പ്രസ്താവിക്കും. കീഴ്ക്കോടതി അഞ്ച് വർഷം തടവും 2,000 ദിനാർ പിഴയും വിധിച്ച രണ്ട് പ്രതികളാണ് അപ്പീൽ നൽകിയത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടിരുന്നു.

51 വയസ്സുകാരനായ പുരുഷനും 36 വയസ്സുകാരിയായ സ്ത്രീയുമാണ് കേസിലെ പ്രതികൾ. ഇരുപതുകളിൽ പ്രായമുള്ള രണ്ട് യുവതികളെയാണ് ഇവർ ചതിയിൽപ്പെടുത്തിയത്. റെസ്റ്റോറൻ്റ് ജോലി വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് പരസ്യം വഴിയാണ് ഇവർ യുവതികളെ ബഹ്‌റൈനിൽ എത്തിച്ചത്. എന്നാൽ വിമാനത്താവളത്തിൽ എത്തിയത് മുതൽ ഇവരെ തടങ്കലിൽ വെക്കുകയും ഭീഷണിപ്പെടുത്തി പെൺവാണിഭത്തിന് നിർബന്ധിക്കുകയുമായിരുന്നുവെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി.

യുവതികളിൽ നിന്ന് ലഭിക്കുന്ന പണം പ്രതികൾ കൈക്കലാക്കുകയും വിസയുടെയും യാത്രാച്ചെലവിൻ്റെയും പേരിൽ ചെറിയ തുക മാത്രം നൽകി ഇവരെ വഞ്ചിക്കുകയുമായിരുന്നു. ഹ്യൂമൻ ട്രാഫിക്കിംഗ് വിരുദ്ധ വിഭാഗം നടത്തിയ അന്വേഷണത്തിൽ വ്യാജ ജോലി വാഗ്ദാനം നൽകിയാണ് ഇവരെ എത്തിച്ചതെന്ന് സ്ഥിരീകരിച്ചു. പ്രതികൾ യുവതികളുടെ താമസവും യാത്രയും കർശന നിയന്ത്രണത്തിലാണ് ഒരുക്കിയിരുന്നത്.

ചോദ്യം ചെയ്യലിൽ താൻ വിസ ശരിയാക്കിയതായും ഫേസ്ബുക്ക് വഴി യുവതികളുമായി ബന്ധപ്പെട്ടതായും ഒന്നാം പ്രതി സമ്മതിച്ചു. യുവതികളിൽ നിന്ന് പണം ശേഖരിച്ചിരുന്നതായും ഇടപാടുകളെക്കുറിച്ച് അറിവുണ്ടായിരുന്നതായും രണ്ടാം പ്രതിയും മൊഴി നൽകി. ഈ കേസിലാണ് ഇപ്പോൾ അപ്പീൽ കോടതിയുടെ നിർണ്ണായക വിധി വരാനിരിക്കുന്നത്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed