തൊഴിൽ മേഖലയിൽ പ്രതിസന്ധി; സംയുക്ത സമിതി രൂപീകരിക്കാൻ ബഹ്‌റൈൻ ട്രേഡ് യൂണിയൻ ഫെഡറേഷൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: അറേബ്യൻ ഗൾഫ് മേഖലയിൽ തുടരുന്ന യുദ്ധസാഹചര്യം സാധാരണക്കാരുടെ ജീവിതത്തെയും തൊഴിലിനെയും ബാധിക്കുന്ന പശ്ചാത്തലത്തിൽ, പ്രതിസന്ധി പരിഹരിക്കാൻ സംയുക്ത സമിതി രൂപീകരിക്കണമെന്ന് ബഹ്‌റൈൻ ട്രേഡ് യൂണിയൻ ഫെഡറേഷൻ (GFBTU) ആവശ്യപ്പെട്ടു. ഗവൺമെൻ്റ്, തൊഴിലുടമകൾ, യൂണിയനുകൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ക്രൈസിസ് കമ്മിറ്റി ഉടനടി നിലവിൽ വരണമെന്നാണ് ഫെഡറേഷൻ്റെ ആവശ്യം.
ഫെബ്രുവരി 28-ന് ആരംഭിച്ച സൈനിക നീക്കങ്ങൾ ഇപ്പോൾ സൈനിക ലക്ഷ്യങ്ങൾക്കും അപ്പുറത്തേക്ക് വ്യാപിച്ചിരിക്കുകയാണെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ യൂണിയൻ ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖല, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങളായ പാലങ്ങൾ, പവർ സ്റ്റേഷനുകൾ എന്നിവയെല്ലാം നിലവിൽ യുദ്ധത്തിൻ്റെ പ്രത്യാഘാതം നേരിടുകയാണ്. സപ്ലൈ ചെയിൻ തടസ്സപ്പെട്ടതും വിലക്കയറ്റവും ഗൾഫ് മേഖലയിലുടനീളമുള്ള പൗരന്മാരുടെയും താമസക്കാരുടെയും ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.
ബഹ്‌റൈനിലെ എണ്ണ, ഗ്യാസ്, ലോഹ വ്യവസായം, ഗതാഗതം, ടൂറിസം എന്നീ മേഖലകളെ യുദ്ധം സാരമായി ബാധിച്ചുകഴിഞ്ഞു. സാമ്പത്തിക നഷ്ടങ്ങൾക്കും നാശനഷ്ടങ്ങൾക്കും പുറമെ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രതിസന്ധി ഉടലെടുത്തത് മുതൽ അന്താരാഷ്ട്ര തൊഴിലാളി സംഘടനകളുമായി ചേർന്ന് ഫെഡറേഷൻ ചർച്ചകൾ നടത്തിവരികയാണ്. ലക്ഷക്കണക്കിന് തൊഴിലാളികൾ പതിറ്റാണ്ടുകളായി പടുത്തുയർത്തിയ നേട്ടങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കാൻ യുദ്ധം എത്രയും വേഗം അവസാനിക്കണമെന്നാണ് തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നത്.
അതേസമയം, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും സംഘർഷം ലഘൂകരിക്കാനും ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും നടത്തുന്ന നയതന്ത്ര നീക്കങ്ങളെ ഫെഡറേഷൻ അഭിനന്ദിച്ചു. അന്താരാഷ്ട്ര നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് സമാധാനത്തിന് വഴിതേടുന്ന ഭരണകൂടത്തിൻ്റെ ശ്രമങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും യൂണിയൻ വ്യക്തമാക്കി.
aa




