ബഹ്‌റൈൻ ചേംബർ തിരഞ്ഞെടുപ്പ്: പത്രിക സമർപ്പിച്ച് ‘ഇസ്തിദാമ’ ബ്ലോക്ക്; നബീൽ കാനു നേതൃത്വം നൽകും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ബിസിസിഐ) 31-ാം ഭരണസമിതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നബീൽ ഖാലിദ് കാനുവിന്‍റെ നേതൃത്വത്തിലുള്ള ‘ഇസ്തിദാമ’ ബ്ലോക്ക് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. സനാബിസിലെ ചേംബർ ആസ്ഥാനത്ത് ശനിയാഴ്ചയായിരുന്നു പത്രികാ സമർപ്പണം. പ്രമുഖ വ്യവസായ കുടുംബങ്ങളിലെ പ്രതിനിധികളും യുവ സംരംഭകരും പ്രൊഫഷണലുകളും അടങ്ങുന്ന 18 അംഗ ശക്തമായ നിരയാണ് ഇത്തവണ ഇസ്തിദാമ ബ്ലോക്കിനായി അണിനിരക്കുന്നത്.

മാർച്ച് 28ന് സാഖീറിലെ എക്‌സിബിഷൻ വേൾഡിൽ വെച്ചാണ് വോട്ടെടുപ്പ്. രാജ്യത്തെ ബിസിനസ് സമൂഹം തിരഞ്ഞെടുപ്പിൽ സജീവമായി പങ്കുചേരണമെന്നും വരും ദിവസങ്ങളിൽ കൂടുതൽ വ്യാപാരികളെ നേരിൽ കണ്ട് പ്രകടനപത്രിക ചർച്ച ചെയ്യുമെന്നും നബീൽ കാനു വ്യക്തമാക്കി. മലയാളികളടക്കമുള്ള ഇന്ത്യൻ വ്യാപാരികൾക്ക് വോട്ടവകാശമുള്ളതിനാൽ ഇവരുടെ പിന്തുണയും തിരഞ്ഞെടുപ്പിൽ നിർണായകമാകും.

നബീൽ കാനുവിനെ കൂടാതെ മുഹമ്മദ് അൽ കൂഹെജി, നവാഫ് അൽ സയാനി, സോണിയ ജനാഹി, അഹമ്മദ് അൽ സല്ലൂം, റശാദ് ഇബ്രാഹീം സൈനൽ തുടങ്ങി പ്രമുഖരടങ്ങുന്ന പാനലാണ് ജനവിധി തേടുന്നത്. ബഹ്‌റൈൻ സാമ്പത്തിക മേഖലയിൽ സുസ്ഥിര വളർച്ചയും നൂതന മാറ്റങ്ങളും കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്ഥാനാർഥിയായ റശാദ് ഇബ്രാഹിം സൈനൽ പറഞ്ഞു. സ്വകാര്യ മേഖലയുടെ ശബ്ദമായി ചേംബറിനെ മാറ്റുമെന്നും എല്ലാത്തരം ബിസിനസ് സ്ഥാപനങ്ങൾക്കും വളരാൻ അനുയോജ്യമായ സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed