ഐ.സി.എഫ് 'പ്രകാശതീരം' ഖുർആൻ പ്രഭാഷണം സമാപിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിച്ച 'പ്രകാശതീരം' ദ്വിദിന ഖുർആൻ പ്രഭാഷണ പരമ്പരയ്ക്ക് ആവേശകരമായ സമാപനം. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ശാഫി സഖാഫി മുണ്ടമ്പ്രയുടെ ഖുർആൻ പ്രഭാഷണം ശ്രവിക്കാൻ മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 'റമളാൻ വിശുദ്ധിയുടെ മാസം' എന്ന ശീർഷകത്തിൽ ഐ.സി.എഫ് നടത്തിവരുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ വിപുലമായ പരിപാടി സംഘടിപ്പിച്ചത്. മനുഷ്യജീവിതത്തിന്റെ വിജയത്തിന് ആവശ്യമായ വിശ്വാസങ്ങളും കർമ്മങ്ങളും ധർമ്മനിഷ്ഠകളും പകർന്നുനൽകുന്ന വിശുദ്ധ ഖുർആൻ പ്രപഞ്ചനാഥന്റെ മഹത്തായ അനുഗ്രഹമാണെന്ന് ശാഫി സഖാഫി പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. വിശുദ്ധ ഗ്രന്ഥവുമായി കൂടുതൽ അടുക്കാനും അതിലൂടെ ജീവിതം ക്രമപ്പെടുത്താനും ഓരോ വിശ്വാസിയും തയ്യാറാകണമെന്നും അദ്ദേഹം ഉദ്ബോദിപ്പിച്ചു.
മാർച്ച് 20 വരെ നീണ്ടുനിൽക്കുന്ന വിപുലമായ റമദാൻ ക്യാമ്പയിൻ പ്രവർത്തനങ്ങളാണ് ഐ.സി.എഫ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വിവിധ റിജിയനുകളിൽ തിലാവ, ഇഫ്താർ സംഗമങ്ങൾ, സക്കാത്ത് ഡ്രൈവ്, സ്നേഹ സംഗമം, വിവിധ സേവന പ്രവർത്തനങ്ങൾ എന്നിവ നടക്കും. കൂടാതെ ഈദ് സംഗമത്തിന് പുറമെ ഹാദിയ വിമൻസ് അക്കാദമി, സ്റ്റുഡൻസ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കും വിദ്യാർത്ഥികൾക്കുമായി വൈവിധ്യമാർന്ന പരിപാടികളും റിജിയൻ കേന്ദ്രങ്ങളിൽ നടപ്പിലാക്കും. പ്രവാസലോകത്തെ വിശ്വാസികൾക്ക് ആത്മീയവും സാമൂഹികവുമായ കരുത്ത് പകരുകയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ഐ.സി.എഫ് നാഷണൽ പ്രസിഡണ്ട് കെ.കെ. അബൂബക്കർ ലത്വീഫി അധ്യക്ഷത വഹിച്ച സമാപന ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഐ.സി.എഫ് ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡണ്ട് കെ.സി. സൈനുദ്ധീൻ സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്വ. എം.സി. അബ്ദുൽ കരീം ഹാജി, സുലൈമാൻ ഹാജി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, റഫീക്ക് ലത്വീഫി വരവൂർ, ഇസ്മാൻ സഖാഫി, ശിഹാബുദ്ധീൻ സിദ്ദീഖി, ശംസുദ്ധീൻ സുഹ്‌രി എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. ജനറൽ സെക്രട്ടറി ശമീർ പന്നൂർ സ്വാഗതവും ഷംസുദ്ധീൻ പൂക്കയിൽ നന്ദിയും രേഖപ്പെടുത്തി.
qdwerw3r


