ബാങ്ക് കാർഡ് മോഷ്ടിച്ച് ഐഫോൺ വാങ്ങി: പ്രവാസികൾക്ക് ബഹ്‌റൈനിൽ തടവും നാടുകടത്തലും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: തൊഴിലുടമയുടെ ബാങ്ക് കാർഡ് മോഷ്ടിച്ച് പണം തട്ടിയ കേസിൽ പ്രതികളായ യുവാവിനും യുവതിക്കും തടവ് ശിക്ഷയ്ക്ക് പുറമെ നാടുകടത്താനും കോടതി ഉത്തരവിട്ടു. മൂന്ന് വർഷം തടവും 3,000 ബഹ്‌റൈൻ ദിനാർ പിഴയുമാണ് ശിക്ഷ. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്തുനിന്ന് നാട് കടത്തും. വീട്ടുജോലിക്കാരിയായ പ്രതിയും സുഹൃത്തായ ഒന്നാം പ്രതിയും ചേർന്നാണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്തത്.
വീടിനുള്ളിലെ ഡ്രോയറിൽ സൂക്ഷിച്ചിരുന്ന ബാങ്ക് കാർഡും അതിന്റെ പിൻ നമ്പറും വീട്ടുജോലിക്കാരി മോഷ്ടിച്ച് ഒന്നാം പ്രതിക്ക് കൈമാറുകയായിരുന്നു. ഈ കാർഡ് ഉപയോഗിച്ച് പ്രതി ഒരു ഷോപ്പിംഗ് മാളിൽ നിന്ന് 294.900 ദിനാർ വിലയുള്ള ഐഫോൺ 16 വാങ്ങി. ബാങ്ക് കാർഡിന്റെ രഹസ്യ നമ്പർ ഉപയോഗിച്ചാണ് പ്രതി ഇടപാട് പൂർത്തിയാക്കിയത്. പിന്നീട് മോഷണം പുറത്തറിയുകയും പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തതോടെ തെളിവ് നശിപ്പിക്കാനായി പ്രതി ഫോൺ തകർക്കുകയും ബാങ്ക് കാർഡ് ഉപേക്ഷിക്കുകയും ചെയ്തു.
തൊഴിലുടമയുടെ ബാങ്ക് ബാലൻസിൽ വലിയ കുറവ് വന്നത് ശ്രദ്ധയിൽപ്പെട്ട പേരക്കുട്ടിയാണ് സംഭവം പുറത്തുകൊണ്ടുവന്നത്. തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ കാർഡ് ഉപയോഗിച്ച് മൊബൈൽ ഫോൺ വാങ്ങിയതായി സ്ഥിരീകരിച്ചു. പർച്ചേസുമായി ബന്ധപ്പെട്ട ഫോൺ നമ്പറിനെക്കുറിച്ച് നടത്തിയ അന്വേഷണം പ്രതികളിലേക്ക് എത്തുകയായിരുന്നു. മറ്റൊരാളുടെ ഇലക്ട്രോണിക് സിഗ്നേച്ചർ (പിൻ നമ്പർ) അനധികൃതമായി ഉപയോഗിച്ച് സാങ്കേതിക വിദ്യയിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് പ്രോസിക്യൂഷൻ ഇവർക്കെതിരെ കേസെടുത്തത്.
trh


