ബഹ്‌റൈൻ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം; സർക്കാർ സ്കൂളുകളിൽ ഇനി ഐ.ബി പാഠ്യപദ്ധതി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്ന ചരിത്രപരമായ നീക്കവുമായി വിദ്യാഭ്യാസ മന്ത്രാലയം രംഗത്തെത്തി. രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അന്താരാഷ്ട്ര അംഗീകാരമുള്ള ഇന്റർനാഷണൽ ബാക്കലൗറിയേറ്റ് (IB) പ്രോഗ്രാം നടപ്പിലാക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമയും ഐ.ബി ഡയറക്ടർ ജനറൽ ഒല്ലി-പെക്ക ഹൈനോനനും ഒപ്പുവെച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി രാജ്യത്തെ ചില പ്രമുഖ സ്വകാര്യ സ്കൂളുകളിൽ ഐ.ബി പാഠ്യപദ്ധതി നിലവിലുണ്ടെങ്കിലും, സർക്കാർ സ്കൂളുകളിൽ ഇത് അവതരിപ്പിക്കുന്നത് ആദ്യമായാണ്. ബഹ്‌റൈന്റെ വിദ്യാഭ്യാസ ഭൂപടത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായാണ് ഈ പരിഷ്കാരം വിലയിരുത്തപ്പെടുന്നത്.
എട്ടാം ക്ലാസ് മുതലുള്ള മിഡിൽ ഇയേഴ്സ് പ്രോഗ്രാമിലൂടെയാണ് (MYP) പദ്ധതിക്ക് തുടക്കമാകുന്നത്. മിഡിൽ ഇയേഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സെക്കൻഡറി തലത്തിൽ ഡിപ്ലോമ പ്രോഗ്രാമിലേക്ക് (DP) പ്രവേശനം ലഭിക്കും. പഠനം പൂർത്തിയാക്കുന്നവർക്ക് ലഭിക്കുന്ന ഐ.ബി ഡിപ്ലോമ സർട്ടിഫിക്കറ്റ് ലോകത്തിലെ പ്രമുഖ സർവ്വകലാശാലകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. വിദ്യാഭ്യാസ മേഖലയ്ക്ക് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും നൽകുന്ന പിന്തുണയ്ക്ക് ഡോ. ജുമ നന്ദി അറിയിച്ചു. മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും അവരുടെ വിമർശനാത്മക ചിന്താശേഷിയും ഗവേഷണ പാടവവും വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാഠ്യപദ്ധതി നടപ്പിലാക്കുന്ന രീതി, പ്രവേശന മാനദണ്ഡങ്ങൾ, മൂല്യനിർണ്ണയം, രജിസ്ട്രേഷൻ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ വരും ദിവസങ്ങളിൽ മന്ത്രാലയം ഔദ്യോഗികമായി അറിയിക്കും. ബഹ്‌റൈനിലെ സമീപകാലത്തെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ പരിഷ്‌കാരങ്ങളിൽ ഒന്നായാണ് ഈ തീരുമാനത്തെ കണക്കാക്കുന്നത്.
vxv


