കെ.സി.എ 'ഗ്രാൻഡ്മാസ്റ്റർ ഇന്ത്യ ക്വിസ്' ഏപ്രിൽ 17-ന്; ഡോ. രാജു നാരായണസ്വാമി ഐ.എ.എസ് ക്വിസ് മാസ്റ്ററാകും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഇന്ത്യയുടെ ചരിത്രവും പൈതൃകവും ശാസ്ത്ര നേട്ടങ്ങളും പ്രമേയമാക്കി കേരള കത്തോലിക്ക് അസോസിയേഷൻ (KCA) സംഘടിപ്പിക്കുന്ന വിജ്ഞാന വിരുന്ന് “ഗ്രാൻഡ്മാസ്റ്റർ ഇന്ത്യ ക്വിസ്” 2026 ഏപ്രിൽ 17-ന് നടക്കും. വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ കേരള സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. രാജു നാരായണസ്വാമി ഐ.എ.എസ് മുഖ്യ ക്വിസ് മാസ്റ്ററായി പങ്കെടുക്കും. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം യുവതലമുറയിൽ രാജ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയാണ് ഈ വിജ്ഞാന വിരുന്നിന്റെ ലക്ഷ്യം. ബഹ്‌റൈനിലെ പ്രശസ്ത ക്വിസ് മാസ്റ്റർ അരുൾദാസ് തോമസും മത്സരത്തിന് നേതൃത്വം നൽകും.
പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്കായി ജൂനിയർ വിഭാഗവും പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്കായി സീനിയർ വിഭാഗവും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് പേർ അടങ്ങുന്ന ടീമുകൾക്കാണ് പങ്കെടുക്കാൻ അവസരം. 30 ചോദ്യങ്ങളടങ്ങിയ എഴുത്തുപരീക്ഷയ്ക്ക് ശേഷം ഓരോ വിഭാഗത്തിലും മികച്ച ആറ് ടീമുകൾ ഫൈനൽ റൗണ്ടുകളിലേക്ക് യോഗ്യത നേടും. ഇന്ത്യയുടെ ചരിത്രം, ഭൂമിശാസ്ത്രം, കായികം, സംസ്കാരം, ശാസ്ത്രം, സമകാലിക സംഭവങ്ങൾ തുടങ്ങിയവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ.
ഓരോ വിഭാഗത്തിലും വിജയിക്കുന്നവർക്ക് വൻതുകയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനം 500 യു.എസ് ഡോളറും രണ്ടാം സമ്മാനം 300 യു.എസ് ഡോളറും മൂന്നാം സമ്മാനം 200 യു.എസ് ഡോളറുമാണ്. ഓൺലൈൻ രജിസ്ട്രേഷൻ 2026 മാർച്ച് 1 മുതൽ ആരംഭിക്കും. ജൂനിയർ വിഭാഗത്തിന് 6 ദിനാറും സീനിയർ വിഭാഗത്തിന് 10 ദിനാറുമാണ് രജിസ്ട്രേഷൻ ഫീസ്. ഇന്ത്യ-ബഹ്‌റൈൻ സൗഹൃദം ആഘോഷിക്കാനുള്ള ഈ വേദിയൊരുക്കുന്നതിൽ അഭിമാനമുണ്ടെന്ന് കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ പറഞ്ഞു. എബ്രഹാം ജോൺ (ചെയർമാൻ), നിത്യൻ തോമസ് (വൈസ് ചെയർമാൻ), അരുൾദാസ് തോമസ് (കോർഡിനേറ്റർ) എന്നിവരടങ്ങുന്ന സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
രജിസ്ട്രേഷൻ വിവരങ്ങൾക്കും സ്പോൺസർഷിപ്പ് അവസരങ്ങൾക്കും താൽപര്യമുള്ളവർ സംഘാടക സമിതിയെ ബന്ധപ്പെടാവുന്നതാണ്.
sdsfsf


