വിശുദ്ധ റമദാന് മുന്നോടിയായി 'വോയിസ് ഓഫ് ട്രിവാൻഡ്രം' മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി പ്രവാസി സമൂഹത്തിന്റെ ആരോഗ്യസുരക്ഷ മുൻനിർത്തി വോയിസ് ഓഫ് ട്രിവാൻഡ്രം–ബഹ്‌റൈൻ ഫോറം (VOT) സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സെഗായയിലെ അൽ ഹിലാൽ പ്രീമിയർ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു.
ഫെബ്രുവരി 6 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെ നടന്ന ക്യാമ്പിൽ രക്തസമ്മർദ്ദം, ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, ബോഡി മാസ് ഇൻഡക്സ് തുടങ്ങിയ അടിസ്ഥാന പരിശോധനകൾക്ക് പുറമെ കരൾ, വൃക്ക സ്ക്രീനിങ്ങുകളും സൗജന്യമായി നൽകി. പരിശോധനയ്ക്കെത്തിയവർക്ക് വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷനും കോംപ്ലിമെന്ററി വൗച്ചറുകളും ലഭ്യമാക്കിയിരുന്നു.
ക്യാമ്പിനോടനുബന്ധിച്ച് നടന്ന മെഡിക്കൽ അവബോധ ക്ലാസിൽ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. അരുൺ ആന്റണി "പ്രോസ്റ്റേറ്റ് രോഗങ്ങളും കിഡ്നി സ്റ്റോൺസും" എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. റമദാൻ പോലുള്ള ആത്മീയ കാലഘട്ടത്തിലേക്ക് പ്രവാസികളെ ആരോഗ്യപരമായി തയ്യാറെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. സമൂഹത്തിന് പ്രയോജനകരമായ ഇത്തരം പ്രവർത്തനങ്ങൾ വരും നാളുകളിലും തുടരുമെന്ന് VOT ഭാരവാഹികൾ അറിയിച്ചു.
sdfdsfs


