ലോക കേരളസഭ പ്രഹസനം; ബഹിഷ്കരിക്കുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ:
പ്രവാസികൾക്ക് പ്രായോഗികമായ ഒരു ഗുണവുമില്ലാത്ത ലോക കേരളസഭയും അനുബന്ധ യോഗങ്ങളും ബഹിഷ്കരിക്കാൻ ഐ.വൈ.സി.സി ബഹ്‌റൈൻ തീരുമാനിച്ചു. ഡിജിറ്റൽ യുഗത്തിൽ ലോകത്തിന്റെ ഏത് കോണിലിരുന്നും സംവദിക്കാൻ പ്ലാറ്റ്‌ഫോമുകൾ ഉള്ളപ്പോൾ, കോടികൾ മുടക്കി ഇത്തരമൊരു മാമാങ്കം സംഘടിപ്പിക്കുന്നത് വെറും ധൂർത്താണെന്ന് ഐ.വൈ.സി.സി കുറ്റപ്പെടുത്തി.
ഓരോ സഭ കൂടുമ്പോഴും കടലാസിൽ ഒതുങ്ങുന്ന പദ്ധതികളല്ലാതെ പ്രവാസികൾക്ക് മെച്ചമൊന്നും ലഭിക്കുന്നില്ല. വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാനോ, മടങ്ങി വരുന്നവർക്ക് തൊഴിൽ ഉറപ്പാക്കാനോ സർക്കാരിന് സാധിക്കുന്നില്ല. ഇത്തരം കാതലായ വിഷയങ്ങളിൽ ഇടപെടാതെ പ്രവാസികളുടെ പേരിൽ ആഘോഷങ്ങൾ നടത്തുന്നത് രാഷ്ട്രീയ തട്ടിപ്പാണ്. സാധാരണക്കാരായ പ്രവാസികളെയും ലേബർ ക്യാമ്പുകളിൽ ഉള്ളവരെയും കേൾക്കാൻ ചെലവില്ലാത്ത ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്.
പദ്ധതികളുടെ പുരോഗതി റിപ്പോർട്ട് പോലും പുറത്തുവിടാത്ത ഈ പ്രഹസനത്തിന് കൂട്ടുനിൽക്കില്ലെന്ന് ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത്, ജനറൽ സെക്രട്ടറി സലീം അബുത്വാലിബ്, ട്രഷറര്‍ ഷഫീഖ് കരുനാഗപ്പള്ളി എന്നിവർ അറിയിച്ചു.
േ്ിേി


