ലോക കേരളസഭ പ്രഹസനം; ബഹിഷ്കരിക്കുമെന്ന് കെഎംസിസി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ:
പ്രവാസികളെ വഞ്ചിക്കുകയും രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി പൊതുപണം ധൂർത്തടിക്കുകയും ചെയ്യുന്ന ലോക കേരളസഭ മാമാങ്കം ബഹിഷ്കരിക്കുമെന്ന് കെഎംസിസി ബഹ്‌റൈൻ പ്രഖ്യാപിച്ചു. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി പ്രവാസികളെ വഞ്ചിക്കുന്ന നടപടിയാണ് സർക്കാർ തുടരുന്നതെന്ന് കെഎംസിസി കുറ്റപ്പെടുത്തി.
പ്രവാസി വിഷയങ്ങൾ പരിഹരിക്കാനെന്ന പേരിൽ കോടികൾ ചെലവിട്ട് നടത്തുന്ന ഈ പരിപാടി കൊണ്ട് പ്രവാസികൾക്ക് യാതൊരു ഗുണവും ലഭിച്ചിട്ടില്ലെന്ന് കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. മുസ്ലിം ലീഗും യുഡിഎഫും ബഹിഷ്കരിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ പ്രവാസി ഭൂമിയിലും ശക്തമായ പ്രതിഷേധം ഉയർത്താനാണ് സംഘടനയുടെ തീരുമാനം.
വിമാനയാത്രാക്കൂലി വർധന, പ്രവാസികളുടെ പുനരധിവാസം, ഇൻഷുറൻസ് പദ്ധതികൾ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിൽ പോലും കൃത്യമായ പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കാലങ്ങളിൽ പ്രഖ്യാപിച്ച പ്രവാസി വാണിജ്യ ചേംബർ, നിക്ഷേപ കമ്പനികൾ തുടങ്ങിയവയെല്ലാം കടലാസ്സിലൊതുങ്ങി. നിക്ഷേപം നടത്താൻ വരുന്ന പ്രവാസികൾ ആത്മഹത്യ ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കെഎംസിസി ചൂണ്ടിക്കാട്ടി. സർക്കാർ നടത്തുന്ന ഈ രാഷ്ട്രീയ തട്ടിപ്പിനും അഴിമതിക്കും കൂട്ടുനിൽക്കാൻ പ്രവാസി സമൂഹം തയ്യാറല്ലെന്നും നേതാക്കൾ വ്യക്തമാക്കി.
ാീാീ


