ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവ്: റിഫ സോൺ ചാമ്പ്യന്മാർ
പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ:
‘പ്രയാണങ്ങൾ’ എന്ന പ്രമേയത്തിൽ അണിയിച്ചൊരുക്കിയ പതിനഞ്ചാമത് ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന് അദാരി പാർക്കിൽ പ്രൗഢോജ്വല സമാപനം. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 342 പോയിന്റുകൾ നേടി റിഫ സോൺ കിരീടം ചൂടി. 260 പോയിന്റോടെ മനാമ സോൺ രണ്ടാം സ്ഥാനവും 238 പോയിന്റോടെ മുഹറഖ് സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റിഫ സോണിൽ നിന്നുള്ള അർഫാൻ അബ്ദുൽ സലീം കലാപ്രതിഭയായും സ്വാലിഹ ഉസ്മാൻ സർഗ്ഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് നടന്ന സാംസ്കാരിക സമ്മേളനം പ്രമുഖ എഴുത്തുകാരൻ സജി മാർക്കോസ് ഉദ്ഘാടനം ചെയ്തു. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും വേദനിക്കുന്നവരെ ചേർത്തുപിടിക്കാനും കലകൾക്ക് സാധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐസിഎഫ് നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി അധ്യക്ഷത വഹിച്ചു. ശൈഖ് ഹസ്സൻ മദനി, മമ്മൂട്ടി മുസ്‌ലിയാർ, മൻസൂർ അഹ്സനി, ഷംസുദ്ദീൻ വെള്ളികുളങ്ങര, ബിജു ജോർജ് തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
സാഹിത്യോത്സവ് നഗരിയിൽ സജ്ജീകരിച്ച എസ്.ഐ.ആർ ഹെൽപ് ഡെസ്ക് നിരവധി സന്ദർശകർക്ക് ആശ്വാസമായി. അസ്ഹർ തങ്ങൾ, സി.എച്ച്. അഷ്‌റഫ്, നൗഷാദ് മുട്ടുംതല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സംഘാടക സമിതി കൺവീനർ സമദ് കാക്കടവ് സ്വാഗതവും മിദ്ലാജ് നന്ദിയും പറഞ്ഞു.
്ു്ു


