എസ്.ഐ.എഫ് ബഹ്റൈൻ ശാസ്ത്രപ്രതിഭ പരീക്ഷാഫലം പ്രഖ്യാപിച്ചു; 12 വിദ്യാർത്ഥികൾക്ക് പുരസ്‌കാരം
പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:
സയൻസ് ഇന്റർനാഷണൽ ഫോറം ബഹ്റൈൻ (SIF Bahrain) സംഘടിപ്പിച്ച പതിമൂന്നാമത് ശാസ്ത്രപ്രതിഭ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. മനാമയിലെ ബാറ്റൽകോ ബിൽഡിംഗിലുള്ള എസ്.ഐ.എഫ് ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ ഉപദേശക സമിതി ഉപാധ്യക്ഷൻ ഡോ. ബാബു രാമചന്ദ്രനാണ് വിജയികളെ പ്രഖ്യാപിച്ചത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന പരീക്ഷയിൽ 2500 വിദ്യാർത്ഥികൾ പങ്കെടുത്തതിൽ 70 പേർ അവസാന റൗണ്ടിലെത്തിയിരുന്നു. ഇതിൽ ഓരോ ഗ്രേഡിലും ഏറ്റവും കൂടുതൽ മാർക്ക് നേടിയ രണ്ടുപേരെ വീതമാണ് ശാസ്ത്രപ്രതിഭകളായി തിരഞ്ഞെടുത്തത്.
ഗ്രേഡ് ആറിൽ ചിന്താമണി രാമസ്വാമി (ന്യൂ ഇന്ത്യൻ സ്‌കൂൾ), ആന്റണി തച്ചിൽ (ഏഷ്യൻ സ്‌കൂൾ) എന്നിവരും ഗ്രേഡ് ഏഴിൽ സംഭവ് സന്ദീപ് സെൻ (ന്യൂ മിലീനിയം സ്‌കൂൾ), ആദ്യ ശർമ (ബഹ്റൈൻ ഇന്ത്യൻ സ്‌കൂൾ) എന്നിവരും വിജയികളായി. എട്ടാം ഗ്രേഡിൽ ലക്ഷ്മി കൃതിക തണ്ണീരു (ന്യൂ മിലീനിയം സ്‌കൂൾ), ഹയ മറിയം പരവത്ത് (ഏഷ്യൻ സ്‌കൂൾ) എന്നിവരും ഒമ്പതാം ഗ്രേഡിൽ സ്വസ്തിക കിരൺ പാട്ടീൽ (ന്യൂ ഹൊറൈസൺ സ്‌കൂൾ), ലക്ഷ്യ കുലശ്രേഷ്ഠ (ബഹ്റൈൻ ഇന്ത്യൻ സ്‌കൂൾ) എന്നിവരും ശാസ്ത്രപ്രതിഭ പുരസ്‌കാരം നേടി. പത്താം ഗ്രേഡിൽ സാംഭവി (ന്യൂ മിലീനിയം സ്‌കൂൾ), പ്രണയ് വിദ്യാസാഗർ (ബഹ്റൈൻ ഇന്ത്യൻ സ്‌കൂൾ) എന്നിവരും പതിനൊന്നാം ഗ്രേഡിൽ ആലിയ ആസാദ് (അൽനൂർ ഇന്റർനാഷണൽ സ്‌കൂൾ), ലക്ഷ്മി സഹസ്ര മാഗതപ്പള്ളി (ന്യൂ മിലീനിയം സ്‌കൂൾ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഫലപ്രഖ്യാപന ചടങ്ങിൽ എസ്.ഐ.എഫ് ബഹ്റൈൻ ചെയർമാൻ ഡോ. വിനോദ് മണിക്കര, ജോയിന്റ് സെക്രട്ടറി രമേഷ് കെ.ടി എന്നിവർ വിജയികൾക്ക് ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് സ്വാഗതവും വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.
asdasd


