ബഹ്‌റൈൻ കെ.എസ്.സി.എ മന്നം ജയന്തി ആഘോഷിച്ചു; പ്രമുഖരെ ആദരിച്ചു
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈനിലെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ) ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ജയന്തി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കെ.എസ്.സി.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് ജേതാവും അസോസിയേഷൻ മുൻ അധ്യക്ഷനുമായ പമ്പാ വാസൻ നായരെ പ്രത്യേകം ആദരിച്ചു.
ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ പി.വി. രാധാകൃഷ്ണ പിള്ള ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മന്നത്ത് പത്മനാഭന്റെ സാമൂഹിക പരിഷ്‌കരണ പ്രവർത്തനങ്ങളും ദീർഘവീക്ഷണവും ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. പോർഷെ ബഹ്‌റൈൻ വുമൺ ഓഫ് ദ ഇയർ അവാർഡ് ജേതാവ് ജയ മേനോൻ, കെ.എസ്.സി.എ 2025 അവാർഡ് ജേതാക്കളായ സന്തോഷ് കൈലാസ്, സുജ ജെ.പി. മേനോൻ എന്നിവരെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.
കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ സ്വാഗതം ആശംസിച്ചു. പരിപാടിയുടെ ഭാഗമായി മനുമോഹനനും രാജീവ് വെള്ളിക്കോത്തും ചേർന്ന് ഒരുക്കിയ അവതരണഗാനം സംവൃത് സതീഷും പ്രാർത്ഥന രാജും ചേർന്ന് ആലപിച്ചു. അംഗങ്ങൾ അവതരിപ്പിച്ച സോപാന സംഗീതം ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷമേകി.
രജിത മനോജ്, ലിബ രാജേഷ് എന്നിവർ വേദി നിയന്ത്രിച്ചു. ആദർശ് മാധവൻ കുട്ടി കൺവീനറായ പരിപാടികൾക്ക് കെ.എസ്.സി.എ എക്സിക്യൂട്ടീവ് കമ്മറ്റിയും രമ സന്തോഷിന്റെ നേതൃത്വത്തിലുള്ള വനിതാ വേദിയും ഏകോപനം നൽകി.
dgfdg

