പഞ്ചസാരയേറിയ പാനീയങ്ങൾക്ക് ബഹ്‌റൈനിൽ അധിക നികുതി; നിയമഭേദഗതി പാർലമെന്റിൽ
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈനിൽ മധുരപാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവ് അനുസരിച്ച് നികുതി ഏർപ്പെടുത്താനുള്ള പുതിയ നിയമഭേദഗതി പാർലമെന്റിൽ സമർപ്പിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും നികുതി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നീക്കം.
പുതിയ നികുതി ഘടന പ്രകാരം പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കിയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 100 മില്ലി ലിറ്ററിൽ 5 ഗ്രാമിൽ താഴെ പഞ്ചസാരയുള്ള പാനീയങ്ങൾക്കും കൃത്രിമ മധുരം ഉപയോഗിക്കുന്ന 'ഷുഗർ ഫ്രീ' പാനീയങ്ങൾക്കും നികുതി ബാധകമല്ല. എന്നാൽ 100 മില്ലി ലിറ്ററിൽ 5 ഗ്രാം മുതൽ 7.099 ഗ്രാം വരെ പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് ലിറ്ററിന് 0.079 ബഹ്‌റൈൻ ദിനാർ നികുതി നൽകേണ്ടി വരും.
എക്സൈസ് നികുതിയുടെ ചുമതല ധനമന്ത്രാലയത്തിൽ നിന്ന് നാഷനൽ ബ്യൂറോ ഫോർ റെവന്യൂവിലേക്ക് (NBR) മാറ്റാനും ബില്ലിൽ വ്യവസ്ഥയുണ്ട്. പുകയില ഉൽപന്നങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും നിലവിലുള്ള 100 ശതമാനം നികുതിയിൽ മാറ്റമുണ്ടാകില്ല. കൂടാതെ, ജി.സി.സി ധാരണകൾക്കനുസൃതമായി കൂടുതൽ ഉൽപന്നങ്ങളെ എക്സൈസ് പരിധിയിൽ കൊണ്ടുവരാൻ മന്ത്രിസഭയ്ക്ക് അധികാരം നൽകും.
നിയമം പ്രാബല്യത്തിൽ വരുമ്പോൾ വിപണിയിൽ സ്റ്റോക്ക് ചെയ്തിട്ടുള്ള പാനീയങ്ങൾക്കും നിബന്ധനകൾക്ക് വിധേയമായി നികുതി ഈടാക്കും. പാർലമെന്റ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലത്തിന്റെ നേതൃത്വത്തിൽ ബിൽ നിലവിൽ സാമ്പത്തിക-നിയമ കാര്യ സമിതികളുടെ പരിശോധനയിലാണ്.
gfdfg

