രാജ്യത്ത് തണുപ്പ് കടുക്കുന്നു: കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത
പ്രദീപ് പുറവങ്കര / മനാമ
രാജ്യത്ത് ശൈത്യം കടുക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം. വരും ദിവസങ്ങളിൽ രാത്രികാലങ്ങളിൽ കടുത്ത തണുപ്പ് അനുഭവപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പകൽ സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും സൂര്യൻ അസ്തമിക്കുന്നതോടെ താപനില ഗണ്യമായി കുറയും.
പുതിയ റിപ്പോർട്ട് പ്രകാരം പരമാവധി താപനില 21 ഡിഗ്രി സെൽഷ്യസും, കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസും ആയിരിക്കും രേഖപ്പെടുത്തുക. വടക്കുപടിഞ്ഞാറൻ ദിശയിൽനിന്നും മണിക്കൂറിൽ 5 മുതൽ 10 നോട്ട്സ് വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 15 നോട്ട്സ് വരെ ഉയർന്നേക്കാം. കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും തിരമാലകൾ ഒന്ന് മുതൽ മൂന്ന് അടി വരെ മാത്രമേ ഉയരുകയുള്ളൂ എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാത്രികാലങ്ങളിൽ തണുപ്പ് വർധിക്കുന്ന സാഹചര്യത്തിൽ പുറത്തിറങ്ങുന്നവരും യാത്രക്കാരും മതിയായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും ശൈത്യകാല വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
dsfsf

