ബഹ്‌റൈൻ സമ്പദ്‌വ്യവസ്ഥയിൽ വൻ കുതിപ്പ്: ജിഡിപിയിൽ 4.0 ശതമാനം വളർച്ച


പ്രദീപ് പുറവങ്കര / മനാമ  

ബഹ്‌റൈന്റെ സാമ്പത്തിക മേഖല കരുത്തുറ്റ വളർച്ചാ പാതയിലാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയും ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രാലയവും പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യം 4.0 ശതമാനം വളർച്ച കൈവരിച്ചു. എണ്ണ മേഖലയിൽ ഉണ്ടായ 9.3 ശതമാനം വർധനയും എണ്ണ ഇതര മേഖലകളിലെ 3.1 ശതമാനം വളർച്ചയുമാണ് ഈ നേട്ടത്തിന് കരുത്തുപകർന്നത്.

രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവത്കരണ നയങ്ങൾ വിജയകരമാണെന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോർട്ട്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 85.0 ശതമാനവും എണ്ണ ഇതര മേഖലകളിൽ നിന്നാണ് ലഭിക്കുന്നത്. ഇതിൽ 5.4 ശതമാനം വളർച്ചയുമായി റിയൽ എസ്റ്റേറ്റ് മേഖലയാണ് മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്.

ധനകാര്യ, ഇൻഷുറൻസ് മേഖലകൾ 5.0 ശതമാനം വളർച്ച രേഖപ്പെടുത്തി തൊട്ടുപിന്നിലെത്തി. ഗതാഗതം, സ്റ്റോറേജ്, നിർമാണ മേഖല എന്നിവ 4.4 ശതമാനം വീതവും നിർമാണ വ്യവസായം 3.9 ശതമാനവും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു പ്രധാന മേഖലകളായ മൊത്ത-ചില്ലറ വ്യാപാരം 3.3 ശതമാനവും, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ രംഗം 2.1 ശതമാനവും വളർച്ച നേടി.

ടൂറിസം, ഭക്ഷണ സേവന മേഖലകളിൽ 1.5 ശതമാനം വർധനയുണ്ടായി. എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കാതെ വിവിധ സേവന-നിർമാണ മേഖലകളെ മുൻനിർത്തിയുള്ള ബഹ്‌റൈന്റെ സാമ്പത്തിക നയങ്ങൾ സുസ്ഥിരമായ പുരോഗതി ഉറപ്പാക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

article-image

dsfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed