പൗരക്ഷേമവും സാമ്പത്തിക ഭദ്രതയും ലക്ഷ്യം; ബഹ്‌റൈനിൽ ഒമ്പത് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
പ്രദീപ് പുറവങ്കര / മനാമ
രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനും പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമായി ഒമ്പത് പുതിയ പദ്ധതികൾ ബഹ്‌റൈൻ സർക്കാർ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദ്ദേശപ്രകാരം ആവിഷ്കരിച്ച പദ്ധതികൾ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നേതൃത്വത്തിലാണ് ചർച്ച ചെയ്തത്. സ്വദേശികളുടെ ആദ്യ വീടിനുള്ള വൈദ്യുതി-ജല സബ്‌സിഡി ഇനി മുതൽ നേരിട്ട് പണമായി നൽകും.
വൈദ്യുതി ലാഭിക്കുന്നവർക്ക് ഈ തുക മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. ഇന്ധനവില നിശ്ചയിക്കാൻ പുതിയ സംവിധാനം, ലേബർ ഫീ പരിഷ്കരണം, ശീതളപാനീയങ്ങൾക്ക് അധിക നികുതി, നിക്ഷേപ ഭൂമികളുടെ മുനിസിപ്പൽ ഫീസിൽ മാറ്റം എന്നിവയാണ് മറ്റ് പ്രധാന തീരുമാനങ്ങൾ.
ഫാക്ടറികൾക്കുള്ള ഗ്യാസ് വിലയിലും മലിനജല സംസ്‌കരണ ഫീസിലും മാറ്റമുണ്ടാകുമെങ്കിലും പൗരന്മാരുടെ വീടുകളെ ഇതിൽ നിന്ന് ഒഴിവാക്കി. സേവന നിലവാരം കുറയ്ക്കാതെ സർക്കാർ ചെലവുകൾ കുറയ്ക്കാനും ദേശീയ വിഭവങ്ങൾ പൗരന്മാർക്കായി പരമാവധി പ്രയോജനപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.
