സോപാനം 'സംഗീതരത്നം' പുരസ്‌കാരം അമ്പിളിക്കുട്ടന്; വാദ്യസംഗമം 2025 ഡിസംബർ 5ന്
പ്രദീപ് പുറവങ്കര
മനാമ : ഇന്ത്യൻ സംഗീത കലാരംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രമുഖ സംഗീതജ്ഞനും ബഹ്‌റൈൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്‌സ് (IIPA) സ്ഥാപകനും ചെയർമാനും മാനേജിംഗ് ഡയറക്റ്ററുമായ അമ്പിളിക്കുട്ടന് സോപാനം വാദ്യകലാസംഘം ഏർപ്പെടുത്തിയ "സംഗീതരത്നം" പുരസ്‌കാരം സമർപ്പിക്കും.
ഡിസംബർ 5-ന് ടുബ്ലി അദാരി പാർക്കിൽ നടക്കുന്ന "വാദ്യസംഗമം 2025" ഉദ്ഘാടന ചടങ്ങിൽ വെച്ചാണ് പുരസ്‌കാരം സമ്മാനിക്കുക. ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബ് പുരസ്‌കാരം അമ്പിളിക്കുട്ടന് കൈമാറും. പൊന്നാട, പ്രശസ്തിപത്രം, പ്രത്യേകം രൂപകൽപ്പന ചെയ്ത ശിൽപം എന്നിവ അടങ്ങുന്നതാണ് ഈ ബഹുമതി.
കഴിഞ്ഞ 22 വർഷമായി, ഭാരതീയ കലാസാംസ്കാരിക പ്രവർത്തനങ്ങളിലൂടെ പതിനായിരത്തിലധികം കലാപ്രതിഭകളെ സൃഷ്ടിക്കാൻ അമ്പിളിക്കുട്ടന്റെ നേതൃത്വത്തിലുള്ള IIPA-യുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചുവെന്ന് സോപാനം ഭാരവാഹികൾ അറിയിച്ചു.
പുരസ്‌കാരദാന ചടങ്ങിൽ ചലച്ചിത്രതാരം പത്മശ്രീ ജയറാം, പ്രമുഖ പെരുമ്പറ കലാകാരൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, സംഗീതജ്ഞ ലതിക ടീച്ചർ എന്നിവർ സംബന്ധിക്കും.
ബഹ്‌റൈനിലെ കലാപ്രവർത്തകർക്ക് മാതൃകയായ അമ്പിളിക്കുട്ടന് പുരസ്‌കാരം നൽകി ആദരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് സോപാനം വാദ്യകലാസംഘം സ്ഥാപകനും ചെയർമാനുമായ സന്തോഷ് കൈലാസ്, രക്ഷാധികാരി അനിൽ മാരാർ, വാദ്യസംഗമം ചെയർമാൻ ചന്ദ്രശേഖരൻ, കൺവീനർ ജോഷി ഗുരുവായൂർ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
sdfsf
