ഇറാനെതിരെ ആക്രണം ശക്തമാക്കി അമേരിക്ക: 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' തുടരുന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മിഡിൽ ഈസ്റ്റിൽ ഇറാനെതിരെയുള്ള സൈനിക നടപടികൾ അമേരിക്കൻ സേന ശക്തമാക്കുന്നു. 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി മെഡിറ്ററേനിയൻ കടലിൽ നിന്നുള്ള യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ് ഉൾപ്പെടെയുള്ള സന്നാഹങ്ങൾ മേഖലയിൽ സജീവമാണ്. നിലവിൽ മിഡിൽ ഈസ്റ്റിലുള്ള മറ്റൊരു സ്ട്രൈക്ക് ഗ്രൂപ്പിന് പുറമെയാണിത്. ഈ രണ്ട് വൻ സൈനിക വ്യൂഹങ്ങളുടെ സാന്നിധ്യം ഇറാന് മേൽ വലിയ നാവിക സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും മേഖലയിലുടനീളം തങ്ങളുടെ സൈനിക സ്വാധീനം വർദ്ധിപ്പിക്കാൻ ഇത് സഹായിച്ചതായും അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, യുദ്ധരംഗത്തെ സ്ഥിതിഗതികളെക്കുറിച്ച് ഇരു രാജ്യങ്ങളും വ്യത്യസ്തമായ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്. അമേരിക്കൻ സേന മേഖലയിൽ നിന്ന് പിൻവാങ്ങുകയാണെന്നും തങ്ങളുടെ ആക്രമണത്തിൽ ഒരു അമേരിക്കൻ ഡിസ്ട്രോയർ കപ്പലും യുദ്ധവിമാനങ്ങളും തകർന്നുവെന്നുമാണ് ഇറാൻ ഔദ്യോഗിക മാധ്യമങ്ങളും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും (IRGC) അവകാശപ്പെടുന്നത്. നിരവധി യുഎസ് സൈനികർ കൊല്ലപ്പെട്ടതായും ഇറാൻ ആരോപിക്കുന്നു. എന്നാൽ ഈ അവകാശവാദങ്ങളെല്ലാം തെറ്റായ വിവരങ്ങളാണെന്ന് പറഞ്ഞ് വാഷിംഗ്ടൺ തള്ളിക്കളഞ്ഞു.
ഇറാനിയൻ വ്യോമാതിർത്തിയുടെ ഉള്ളിലേക്ക് കടന്നുള്ള ആക്രമണങ്ങൾ യുഎസ് സേന വ്യാപിപ്പിച്ചതായാണ് വാഷിംഗ്ടണിൽ നിന്നുള്ള പുതിയ സൈനിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാനിയൻ ഭരണകൂടവുമായി ബന്ധമുള്ള ഇരുപതിലധികം കപ്പലുകൾ വ്യോമ-നാവിക-കര സേനകളുടെ സംയുക്ത നീക്കത്തിലൂടെ തകർത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ നാല് ദിവസത്തെ കണക്കുകൾ പ്രകാരം ഇറാന്റെ ഡ്രോൺ വിക്ഷേപണങ്ങളിൽ 73 ശതമാനവും ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങളിൽ 86 ശതമാനവും കുറവുണ്ടായതായി അമേരിക്കൻ സൈനിക വൃത്തങ്ങൾ അവകാശപ്പെടുന്നു. മേഖലയിൽ തങ്ങളുടെ സൈനിക പ്രഹരശേഷി തെളിയിക്കുന്നതാണ് നിലവിലെ നീക്കങ്ങളെന്നാണ് പെന്റഗൺ വ്യക്തമാക്കുന്നത്.
sasadasas


