ജനശക്തിയുടെ കരുത്ത്: 'ബഹ്‌റൈൻ ഈസ് വെൽ' ക്യാമ്പയിനിൽ മണിക്കൂറുകൾക്കുള്ളിൽ ചേർന്നത് 20,000 സന്നദ്ധപ്രവർത്തകർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ സാമൂഹിക ഐക്യദാർഢ്യത്തിന്റെ ഉത്തമ ഉദാഹരണമായി ‘ബഹ്‌റൈൻ ഈസ് വെൽ ബിക്കോസ് യു ആർ ഇറ്റ്‌സ് പീപ്പിൾ’ (Bahrain Is Well Because You Are Its People) എന്ന കമ്യൂണിറ്റി ക്യാമ്പയിൻ മാറുന്നു. സന്നദ്ധസേവനത്തിനായി രജിസ്ട്രേഷൻ ആരംഭിച്ച് ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ 20,000-ത്തിലധികം ആളുകളാണ് നാഷണൽ വോളന്റിയർ പ്ലാറ്റ്‌ഫോം വഴി തങ്ങളുടെ പേര് രേഖപ്പെടുത്തിയത്. രാജ്യത്തെ പൗരന്മാരും താമസക്കാരും ഒരേപോലെ ഈ ദൗത്യത്തിൽ പങ്കാളികളാകുന്നത് ബഹ്‌റൈൻ സമൂഹത്തിന്റെ ഉത്തരവാദിത്തബോധമാണ് വ്യക്തമാക്കുന്നത്.
ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം, ഇതുവരെ രജിസ്റ്റർ ചെയ്ത 20,000 പേരിൽ 14,000-ത്തിലധികം പേർ ബഹ്‌റൈൻ സ്വദേശികളാണ്. കൂടാതെ അയ്യായിരത്തിലധികം പ്രവാസികളും ഈ സന്നദ്ധസേവന ദൗത്യത്തിൽ ഭാഗമാകാൻ മുന്നോട്ടുവന്നു എന്നത് ശ്രദ്ധേയമാണ്. വ്യക്തികൾക്ക് പുറമെ, രാജ്യത്തെ അഞ്ഞൂറിലധികം കമ്പനികളും സ്വകാര്യ സ്ഥാപനങ്ങളും ഈ ക്യാമ്പയിന്റെ ഭാഗമാകാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
സന്നദ്ധപ്രവർത്തനത്തിലൂടെ രാജ്യത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബൃഹത്തായ ക്യാമ്പയിൻ മുന്നോട്ട് പോകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ ഈ പ്ലാറ്റ്‌ഫോമിൽ അംഗങ്ങളാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
നാഷണൽ വോളന്റിയർ പ്ലാറ്റ്‌ഫോം വഴി ഈ ദൗത്യത്തിൽ പങ്കുചേരാനുള്ള അവസരം ഇപ്പോഴും ലഭ്യമാണ്. താല്പര്യമുള്ളവർക്ക് https://www.volunteer.gov.bh എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
asdsads


