കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിൽ ജാഗ്രത വേണം; നിർദ്ദേശങ്ങളുമായി ബഹ്റൈൻ സൈബർ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: നിലവിലെ പ്രത്യേക സാഹചര്യത്തിൽ കുട്ടികൾ സ്മാർട്ട് ഫോണുകളും സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളും ഉപയോഗിക്കുമ്പോൾ രക്ഷിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദ്ദേശിച്ചു. സൈബർ ഇടങ്ങളിലെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് മന്ത്രാലയം ഈ ബോധവൽക്കരണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
നിലവിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പങ്കുവെക്കാനോ വീണ്ടും പോസ്റ്റ് ചെയ്യാനോ പാടില്ലെന്ന് കുട്ടികളെ ബോധവൽക്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നിയമവിരുദ്ധമായ ഒത്തുചേരലുകൾക്കോ പ്രതിഷേധങ്ങൾക്കോ ഉള്ള ആഹ്വാനങ്ങളിൽ കുട്ടികൾ വീഴാതിരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ സൈനിക നീക്കങ്ങളോ ആക്രമണങ്ങളോ ദൃശ്യങ്ങളിൽ പകർത്തുന്നത് കടുത്ത നിയമനടപടികൾക്കും സുരക്ഷാ പ്രത്യാഘാതങ്ങൾക്കും കാരണമാകുമെന്നും യൂണിറ്റ് ഓർമ്മിപ്പിച്ചു.
അപരിചിതരുമായി സോഷ്യൽ മീഡിയ വഴി ആശയവിനിമയം നടത്താതിരിക്കാനും, വ്യക്തിഗത വിവരങ്ങളോ ലൊക്കേഷനോ ആർക്കും കൈമാറാതിരിക്കാനും കുട്ടികൾക്ക് കൃത്യമായ നിർദ്ദേശം നൽകണം. ഏതെങ്കിലും തരത്തിലുള്ള സൈബർ ഭീഷണികളോ പേടിപ്പെടുത്തുന്ന സന്ദേശങ്ങളോ ഉള്ളടക്കങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ രക്ഷിതാക്കളെ വിവരമറിയിക്കാൻ കുട്ടികളെ ശീലിപ്പിക്കണം. കുട്ടികൾ ഉപയോഗിക്കുന്ന വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും രക്ഷിതാക്കൾ നിരന്തരം നിരീക്ഷിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും തരത്തിലുള്ള സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ രക്ഷിതാക്കൾക്ക് നേരിട്ടോ 33523300 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. കൂടാതെ 992 എന്ന ഹോട്ട്‌ലൈൻ നമ്പറിലൂടെയോ cpcu@interior.gov.bh എന്ന ഇമെയിൽ വഴിയോ 'മൈ ഗവൺമെന്റ്' ആപ്ലിക്കേഷൻ വഴിയോ വിവരം അറിയിക്കാവുന്നതാണെന്നും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് വ്യക്തമാക്കി.
aa



