സൈനിക നീക്കങ്ങൾ ചിത്രീകരിക്കുന്നതിന് വിലക്ക്; ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി സൈനിക പ്രവർത്തനങ്ങൾ, പ്രതിരോധ സജ്ജീകരണങ്ങൾ, സൈനിക കേന്ദ്രങ്ങൾ എന്നിവ ചിത്രീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (BDF) കർശന വിലക്കേർപ്പെടുത്തി. ഇറാൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങളുടെയും നിലവിലെ അസാധാരണ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ ഉത്തരവ്. 2002-ലെ മിലിട്ടറി ജസ്റ്റിസ് ആക്ട്, 1976-ലെ പീനൽ ലോ എന്നിവ പ്രകാരമാണ് നടപടി.

സൈനിക കേന്ദ്രങ്ങൾ, പ്രതിരോധ നടപടികൾ, സൈനിക വാഹനങ്ങളുടെ നീക്കം എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദരേഖകൾ എന്നിവ പകർത്തുന്നതിനോ കൈമാറുന്നതിനോ അനുവാദമില്ല. നേരിട്ടോ അല്ലാതെയോ പരമ്പരാഗത മാധ്യമങ്ങൾ വഴിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയോ ഇത്തരം വിവരങ്ങൾ പങ്കുവെക്കുന്നത് കുറ്റകരമാണ്. കൂടാതെ, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വിവരങ്ങളോ എഡിറ്റ് ചെയ്ത ദൃശ്യങ്ങളോ പ്രചരിപ്പിക്കുന്നതിനും വിലക്കുണ്ട്. ദേശീയ സുരക്ഷയെ ബാധിക്കുന്നതോ സൈനിക നീക്കങ്ങളെ തടസ്സപ്പെടുത്തുന്നതോ ആയ ഏതൊരു നീക്കവും ഗൗരവകരമായി കാണുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

നിയമലംഘനം നടത്തുന്നവർ കടുത്ത നിയമനടപടികൾക്കും വിചാരണയ്ക്കും വിധേയരാകേണ്ടി വരുമെന്ന് ബി.ഡി.എഫ് ജനറൽ കമാൻഡ് വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരും താമസക്കാരും തങ്ങളുടെ ദേശീയ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, സൈനിക കേന്ദ്രങ്ങളിൽ നിന്നും സൈനിക വാഹനവ്യൂഹങ്ങളിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കണമെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി ഒത്തൊരുമിച്ച് നിൽക്കണമെന്നും അധികൃതർ ആഹ്വാനം ചെയ്തു.

article-image

gg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed