ഗൾഫ് രാജ്യങ്ങളിൽ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി ഗൾഫ് മേഖലയിലെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ പൂർണ്ണമായും റദ്ദാക്കി. ബഹ്‌റൈൻ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ഈ തീരുമാനം ബാധകമാകുന്നത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നിലവിൽ റദ്ദാക്കിയിട്ടില്ലെങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറ്റിവെച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് പരീക്ഷാ കൺട്രോളർ ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.
പത്താം ക്ലാസ് വിഭാഗത്തിൽ മാർച്ച് 7 മുതൽ മാർച്ച് 11 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും, നേരത്തെ മാറ്റിവെച്ചിരുന്ന മാർച്ച് 2, 5, 6 തീയതികളിലെ പരീക്ഷകളുമാണ് റദ്ദാക്കിയത്. പരീക്ഷകൾ ഒഴിവാക്കിയ സാഹചര്യത്തിൽ ഈ മേഖലയിലെ വിദ്യാർത്ഥികളുടെ ഫലപ്രഖ്യാപനം ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ബോർഡ് പിന്നീട് വ്യക്തമാക്കും.
പന്ത്രണ്ടാം ക്ലാസ് വിഭാഗത്തിൽ മാർച്ച് 7-ന് നടക്കേണ്ടിയിരുന്ന പരീക്ഷയാണ് നിലവിൽ മാറ്റിവെച്ചിട്ടുള്ളത്. ഇതിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മാർച്ച് 9 മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ മാർച്ച് 7-ന് സാഹചര്യം പുനഃപരിശോധിച്ച ശേഷം ബോർഡ് അന്തിമ തീരുമാനമെടുക്കും. വിദ്യാർത്ഥികളും രക്ഷിതാക്കളും സ്‌കൂളുകളുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്നും സി.ബി.എസ്.ഇ നിർദ്ദേശിച്ചു.
aa



