സിപിഎമ്മിൽ പോര് മുറുകുന്നു; ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചേക്കും
ഷീബ വിജയൻ
ആലപ്പുഴ: സിപിഎം നേതൃത്വവുമായുള്ള ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിൽ മുതിർന്ന നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്നതായി സൂചന. ആറ് പതിറ്റാണ്ടോളം പാർട്ടിയുടെ കരുത്തനായ നേതാവായിരുന്ന സുധാകരൻ, പാർട്ടിയിൽ നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മെമ്പർഷിപ്പ് പുതുക്കാതെ വിട്ടുനിൽക്കുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. സുധാകരൻ മത്സരരംഗത്തിറങ്ങിയാൽ പിന്തുണയ്ക്കാൻ യുഡിഎഫ് തയ്യാറായേക്കും. ഇതിനോടകം തന്നെ ചില പ്രമുഖ കോൺഗ്രസ് നേതാക്കൾ അദ്ദേഹവുമായി ആശയവിനിമയം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സിപിഎം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചു. വാർത്താസമ്മേളനത്തിൽ താൻ സുധാകരനെ പരിഹസിച്ചിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. പാർട്ടി മെമ്പർഷിപ്പ് പുതുക്കണമെന്ന് അദ്ദേഹം സുധാകരനോട് ആവശ്യപ്പെട്ടെങ്കിലും, നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന നിലപാടിലാണ് സുധാകരൻ. സുധാകരന്റെ പരസ്യമായ പ്രതികരണങ്ങളിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.
defsdefssf


