ദേശീയ സുരക്ഷ ഉറപ്പാക്കാൻ മുൻഗണന; സിവിൽ ഡിഫൻസ് ആസ്ഥാനം സന്ദർശിച്ച് ബഹ്‌റൈൻ കിരീടാവകാശി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തിന് നേരെ നടന്ന ഇറാൻ്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, സുരക്ഷാ സജ്ജീകരണങ്ങളും ഫീൽഡ് റെസ്‌പോൺസ് സംവിധാനങ്ങളും നേരിട്ട് വിലയിരുത്താൻ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസും നാഷണൽ സെൻ്റർ ഫോർ സിവിൽ എമർജൻസി മാനേജ്‌മെൻ്റും സന്ദർശിച്ചു. ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിൻ്റെ നിർദ്ദേശപ്രകാരം പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ സന്ദർശനം.

article-image

ആഭ്യന്തര മന്ത്രി ലഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ നേതൃത്വത്തിൽ കിരീടാവകാശിയെ സ്വീകരിച്ചു. ആക്രമണങ്ങളെത്തുടർന്നുണ്ടാകുന്ന കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സജ്ജമാക്കിയിട്ടുള്ള പദ്ധതികളെക്കുറിച്ചും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തെക്കുറിച്ചും അദ്ദേഹം ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹം നേരിട്ട് അവലോകനം ചെയ്തു.

ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയെയും സന്നദ്ധതയെയും കിരീടാവകാശി പ്രശംസിച്ചു. ഏത് സാഹചര്യത്തിലും ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സിവിൽ ഡിഫൻസിലെയും എമർജൻസി മാനേജ്‌മെൻ്റിലെയും ഉദ്യോഗസ്ഥരുടെ അശ്രാന്തപരിശ്രമത്തെയും അവരുടെ പ്രൊഫഷണലിസത്തെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

article-image

ദേശീയ അടിയന്തര തയ്യാറെടുപ്പുകൾ, സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, അവശ്യ സേവനങ്ങളുടെ ലഭ്യത, അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ എന്നിവയെക്കുറിച്ചുള്ള വിശദമായ പ്രസന്റേഷൻ യോഗത്തിൽ അവതരിപ്പിച്ചു. ഭക്ഷ്യ-ജല സുരക്ഷ, വൈദ്യുതി-ഊർജ്ജ മേഖലകളുടെ കാര്യക്ഷമത, ആശയവിനിമയ-മുന്നറിയിപ്പ് സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത എന്നിവയും കിരീടാവകാശി വിലയിരുത്തി. ഒരേ മനസ്സോടെയുള്ള പ്രവർത്തനത്തിലൂടെ രാജ്യത്തെ സുരക്ഷിതമായി നിലനിർത്താൻ സേന സജ്ജമാണെന്ന് ആഭ്യന്തര മന്ത്രി ഉറപ്പുനൽകി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed