സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിൽ 67ആമത് ഇടവക പെരുന്നാൾ

പ്രദീപ് പുറവങ്കര
മനാമ l മലങ്കര ഓർത്തഡോക്‌സ് സഭയുടെ മധ്യപൂർവ്വദേശത്തെ മാതൃദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിൽ 67-ാമത് ഇടവക പെരുന്നാൾ ഭക്തിനിർഭരമായി ആരംഭിച്ചു. എം.ജി.ഒ.സി.എസ്.എം കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫാദർ ഡോ. വിവേക് വർഗീസ് പെരുന്നാൾ കൊടിയേറ്റി. ഒക്ടോബർ 10 വരെയാണ് ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകൾ നടക്കുന്നത്. മലങ്കര ഓർത്തഡോക്‌സ് സഭയുടെ മദ്രാസ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.
ഒക്ടോബർ 5, 6, 7 തീയതികളിൽ: വൈകീട്ട് 7.00 മണി മുതൽ സന്ധ്യാ നമസ്കാരം, കത്തീഡ്രൽ ഗാന ശുശ്രൂഷ, തുടർന്ന് റവ. ഫാദർ ഡോ. വിവേക് വർഗീസിന്റെ നേതൃത്വത്തിലുള്ള വചന ശുശ്രൂഷ എന്നിവയുണ്ടാകും. ഒക്ടോബർ 8ന് ബുധനാഴ്ച്ച വൈകീട്ട് 6.15 മുതൽ സന്ധ്യാ നമസ്കാരവും വിശുദ്ധ കുർബാനയും നടക്കും. പെരുന്നാളിന്റെ പ്രധാന ചടങ്ങുകൾ ഒക്ടോബർ 9, 10 തീയതികളിലാണ് നടക്കുന്നത്. ഒക്ടോബർ 9ന് വ്യാഴാഴ്ച്ച വൈകീട്ട് പെരുന്നാൾ സന്ധ്യാ നമസ്കാരം, മധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ് എന്നിവ നടക്കും. ഒക്ടോബർ 10ന് വെള്ളിയാഴ്ച്ച രാവിലെ 6.30 മുതൽ രാത്രി നമസ്കാരം, പ്രഭാത നമസ്കാരം, വിശുദ്ധ മൂന്നിന്മേൽ കുർബാന, ആശീർവാദം, കൊടിയിറക്ക് എന്നിവ നടക്കും.
തുടർന്ന്, ഈ വർഷം ഇടവകയിൽ 25 വർഷം പൂർത്തിയാക്കുന്നവരെ ആദരിക്കുന്ന ചടങ്ങും 2024-ലെ ആദ്യഫലപ്പെരുന്നാളിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിക്കുന്ന ചടങ്ങും നടക്കുമെന്ന് ഇടവക വികാരി ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹ വികാരി ഫാദർ തോമസ്കുട്ടി പി.എൻ, ട്രസ്റ്റി സജി ജോർജ്, സെക്രട്ടറി ബിനു മാത്യു ഈപ്പൻ എന്നിവർ അറിയിച്ചു.
േ്ിേ്