ബഹ്റൈനിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഓടിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം കർശനമാക്കി


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈനിലെ പ്രധാന റോഡുകളിലും വാഹനങ്ങൾക്കായുള്ള പാതകളിലും റോഡിന്റെ ഓരങ്ങളിലും ഇലക്ട്രിക് സ്‌കൂട്ടറുകൾ ഓടിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് കർശനമാക്കി. നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമായാണ് ഈ നടപടി ശക്തമാക്കിയത്. ഇലക്ട്രിക് സ്‌കൂട്ടറുകൾ പ്രധാന റോഡുകളിൽ ഉപയോഗിക്കുന്നത് മറ്റ് യാത്രക്കാർക്കും കാൽനടക്കാർക്കും ഗുരുതരമായ അപകടങ്ങൾക്കും ജീവാപായത്തിനും കാരണമാകുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനും വഴിവെക്കുന്നു. ഈ സാഹചര്യത്തിലാണ് കർശനമായ നടപടിയിലേക്ക് ഡയറക്ടറേറ്റ് കടന്നത്. നിയമം ലംഘിച്ച് പൊതുനിരത്തിലൂടെ സ്‌കൂട്ടർ ഓടിച്ചാൽ, ആ വാഹനങ്ങൾ കണ്ടുകെട്ടുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.

ഇത്തരത്തിൽ പോലീസ് സ്‌കൂട്ടറുകൾ പിടിച്ചെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഡയറക്ടറേറ്റ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പായി പുറത്തുവിട്ടിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കാൻ എല്ലാ യാത്രക്കാരും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണം എന്നും, സുരക്ഷിതമായ ഒരു റോഡ് അന്തരീക്ഷത്തിനായി പൊതുജനം അധികൃതരുമായി സഹകരിക്കണം എന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അഭ്യർഥിച്ചു.

You might also like

Most Viewed