മനാമ, ഗുദൈബിയ പ്രദേശങ്ങളിൽ അനധികൃതമായി തെരുവോരങ്ങളിൽ കച്ചവടം നടത്തിയവർക്കെതിരെ നടപടി


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈനിലെ മനാമ, ഗുദൈബിയ പ്രദേശങ്ങളിൽ അനധികൃതമായി തെരുവോരങ്ങളിൽ കച്ചവടം നടത്തിവന്ന സ്ഥാപനങ്ങളിൽ കാപിറ്റൽ മുനിസിപ്പാലിറ്റി അധികൃതർ റെയ്‌ഡ് നടത്തി. പൊതുജനാരോഗ്യ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പ്രവർത്തിച്ച നിരവധി താൽക്കാലിക കച്ചവട കേന്ദ്രങ്ങൾക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. റെയ്‌ഡിനിടെ ഇലക്ട്രോണിക് സാധനങ്ങൾ, വസ്ത്രങ്ങൾ, ഷൂസുകൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടെയുള്ള വലിയ ശേഖരം ഉൽപ്പന്നങ്ങൾ മുനിസിപ്പാലിറ്റി അധികൃതർ പിടിച്ചെടുത്തു.

പൊതുവഴിയിൽ തുറന്നുവെച്ച് ഭക്ഷണ സാധനങ്ങളുൾപ്പെടെ വിൽക്കുന്ന ഈ താൽക്കാലിക കടകൾക്കെതിരെ വ്യാപകമായി പരാതികൾ ഉയർന്നിരുന്നു. പലപ്പോഴും ഇവ നടപ്പാതകൾ തടസ്സപ്പെടുത്തുന്നതായും പരാതിക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. അനധികൃതമായി തെരുവുകച്ചവടം നടത്തുന്ന, രേഖകളില്ലാത്ത പ്രവാസികൾ നടത്തുന്ന ഇത്തരം കച്ചവടങ്ങൾ ലൈസൻസുള്ള ചെറുകിട വ്യാപാരികളുടെ ബിസിനസ് തകർക്കുന്നതായി നേരത്തെ കൗൺസിലർമാർ ചൂണ്ടിക്കാട്ടിയിരുന്നു.

ഇത്തരം തെരുവ് കച്ചവടങ്ങളോ മറ്റ് നിയമലംഘനങ്ങളോ സംബന്ധിച്ച് പൊതുജനങ്ങൾക്ക് എന്തെങ്കിലും ആശങ്കകളോ പരാതികളോ ഉണ്ടെങ്കിൽ വ്യവസായ വാണിജ്യ മന്ത്രാലയത്തെ 17007003 എന്ന നമ്പറിലൂടെ അറിയാക്കാമെന്നും അധികൃതർ വ്യക്തമാക്കി.

article-image

safdsd

You might also like

Most Viewed