18 വർഷത്തെ കാത്തിരിപ്പിന് വിരാമം: അഷ്‌റഫും കുടുംബവും രേഖകളോടെ നാട്ടിലേക്ക് മടങ്ങി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ 18 വർഷത്തിലേറെയായി രേഖകളില്ലാതെ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശിയായ അഷ്‌റഫ്, ഭാര്യ റംഷീദ, രണ്ട് പെൺമക്കൾ എന്നിവർ ബഹ്റൈനിലെ പ്രവാസി ലീഗൽ സെല്ലിന്റെ ശ്രമ ഫലമായി നാട്ടിലേയ്ക്ക് തിരിച്ചെത്തി.

2013-ൽ അഷ്റഫിന്റെ ഭാര്യയുടെയും 2012-ൽ മൂത്തമകളായ റിഫ ഷെറിന്റെയും വിസ കാലാവധി തീർന്നതോടെയാണ് ഇവർ നിയമക്കുരുക്കിലായത്. ബഹ്‌റൈനിൽ ജനിച്ച ഇളയമകൾ അറഫ ഫാത്തിമയ്ക്ക് പാസ്‌പോർട്ടോ, സി.പി.ആറോ, ജനന സർട്ടിഫിക്കറ്റോ ഉണ്ടാക്കാനോ പിന്നീട് സാധിച്ചില്ല. ഈ ദുരവസ്ഥ കാരണം കുട്ടികൾക്ക് സ്കൂളിൽ പോകാനോ കുടുംബത്തിന് നിയമപരമായി ജോലി ചെയ്യാനോ കഴിഞ്ഞില്ല. അടിസ്ഥാന ചികിത്സ തേടാൻ പോലും ഇവർ ബുദ്ധിമുട്ടുകയും ചെയ്തു. റിഫയിലെ ചെറിയൊരു മുറിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ചെറുകിട ജോലികൾ ചെയ്ത് കുടുംബം പുലർത്തിയ അഷ്റഫിന് വൃക്കരോഗം പിടിപ്പെട്ടതോടെയാണ് ഇവരുടെ ദുരിത കഥ പുറത്ത് അറിഞ്ഞ് തുടങ്ങിയത്.

ഈ വിവരം അറിഞ്ഞ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒയും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത് തുടർന്ന് പിഎൽസി അംഗങ്ങൾക്കൊപ്പം സഹായവുമായി രംഗത്ത് എത്തുകയായിരുന്നു. വൃക്ക രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അഷ്റഫിനെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കത്തീറ്റർ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഇതിന് ശേഷം കിംസ് ഹെൽത്ത് ആശുപത്രിയിൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജേക്കബ് തോമസിന്റെ പിന്തുണയോടെ, ഡയാലിസിസ് ചികിത്സ കുറഞ്ഞ ചിലവിൽ ഇദ്ദേഹത്തിന് നൽകുകയും ചെയ്തു. ഇതോടൊപ്പം മരുന്നുകൾ, ഭക്ഷണം, വാടക തുടങ്ങിയവയുടെ ചിലവുകളും പിഎൽസി ഏറ്റെടുത്തു.

ബഹ്‌റൈനിലാണ് ജനിച്ചതെങ്കിലും നിയമപരമായി രേഖകളിലാത്ത ഇളയ മകൾക്ക് ജനന സർട്ടിഫിക്കറ്റ് നേടുന്നതിനായി അഡ്വ. താരിഖ് അൽഓണിന് പി.എൽ.സി പവർ ഓഫ് അറ്റോർണി ഏർപ്പെടുത്തി. തുടർന്ന് ഇളയ മകൾ ജനിച്ച ജിദ്ദഫസിലെ ആശുപത്രിയിലെ കുടിശ്ശിക തീർക്കുകയും, പാർലിമെന്റ് എം.പി. ഹസ്സൻ ഈദ് ബുഖമ്മാസിന്റെ പിന്തുണയോടെ സി.ഐ.ഒ.യിലെ നടപടികൾ വേഗത്തിലാക്കുകയും ചെയ്തു. ഒടുവിൽ, കോടതി ഇളയമകളുടെ ജനനം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. ഇതിനിടയിൽ ഭാര്യയുടെയും മൂത്തമകളുടെയും ഔട്ട് പാസുകൾ ഇന്ത്യൻ എംബസി വഴി ലഭ്യമാക്കുകയും ചെയ്തു.

18 വർഷത്തെ കുടിശ്ശികയായ ഇമിഗ്രേഷൻ പിഴകളും പിഎൽസിയുടെ ഇടപ്പെടലിലൂടെ കുറഞ്ഞു കിട്ടി. തുടർന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി, അംബാസഡർ വിനോദ് കെ. ജേക്കബ്ബിന്റെ നേതൃത്വത്തിൽ, ഫസ്റ്റ് സെക്രട്ടറി രവി ജയിൻ, സെക്കൻഡ് സെക്രട്ടറി രവി സിംഗ് എന്നിവരുടെ പൂർണ്ണ പിന്തുണയോടെ എയർ ഇന്ത്യ വഴി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ടിക്കറ്റുകളും ഏർപ്പാടാക്കി ഇന്ന് രാവിലെയാണ് അഷ്റഫും കുടുംബവും നാട്ടിലേയ്ക്ക് മടങ്ങിയത്.

ഇതുമായി ബന്ധപ്പെട്ട് പിന്തുണച്ച പിഎൽസി ജനറൽ സെക്രട്ടറി റിതിൻ രാജ്, ഷബീർ മാഹി, ലക്ഷ്മൺ, ഫൈസൽ പട്ടാണ്ടി, പ്രസന്ന വർദ്ധൻ, ഗംഗാധർ റാവു, സാബു ചിറമ്മൽ, രാജി ഉണ്ണികൃഷ്ണൻ എന്നിവർക്കും, ദേവ്ജി ഗ്രൂപ്പ്, ബ്രെയിൻ ക്രാഫ്റ്, ഹോപ്പ് ടീം, ഗോൾഡൻ ഹാൻഡസ്, ഐസിഎഫ് എന്നിവർക്കും സുധീർ തിരുനിലത്ത് നന്ദി രേഖപ്പെടുത്തി.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed