റൂംമേറ്റിനെ അടിച്ച് കൊലപ്പെടുത്തി കത്തിച്ചു; പ്രവാസിക്ക് ജീവപര്യന്തം തടവ് വിധിച്ച് ബഹ്റൈൻ കോടതി

പ്രദീപ് പുറവങ്കര
മനാമ: റൂംമേറ്റിനെ ചുറ്റിക കൊണ്ട് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്ത റെസ്റ്റോറന്റ് ജീവനക്കാരനായ പ്രവാസിക്ക് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി 25 വർഷത്തെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
ടൂബ്ലിയിലെ താമസസ്ഥലത്ത് ഇരുവരും തനിച്ചായിരുന്ന സമയം മുതലെടുത്ത് 41 വയസ്സുകാരനായ ബംഗ്ലാദേശ് സ്വദേശി 25 വയസുകാരനായ പാകിസ്താൻ സ്വദേശിയായ പ്രതിയെ ലൈംഗിക ചുവയോടെ സമീപിക്കുകയായിരുന്നു. പ്രതി എതിർത്തിട്ടും ഇര തന്റെ പ്രവൃത്തികൾ തുടർന്നപ്പോൾ തലയിണക്കടിയിൽ ഒളിപ്പിച്ചു വെച്ചിരുന്ന ചുറ്റിക ഉപയോഗിച്ച് ഇയാളുടെ നെറ്റിയിൽ അടിക്കുകയായിരുന്നു.
കൊലപാതകശേഷം, 25 വയസ്സുകാരനായ പ്രതി ചുറ്റികയും വസ്ത്രങ്ങളും കഴുകി വൃത്തിയാക്കുകയും കുളിച്ച് സാധാരണപോലെ ജോലിക്ക് പോകുകയും ചെയ്തു. തിരികെ വന്നതിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹം പുതപ്പുകൾ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു. ഇതോടൊപ്പം സഹപ്രവർത്തകരെ വിളിച്ച് തങ്ങളുടെ താമസസ്ഥലത്തിന് തീപിടിച്ചതായും ഇയാൾ അറിയിച്ചു. പിന്നീട് നടന്ന പോലീസ് അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹത്തിന്റെ തലയിലും തലയോട്ടിക്കുള്ളിലും ഉൾപ്പെടെ 13 മുറിവുകളാണ് ഉണ്ടായിരുന്നതെന്ന് മൃതദേഹം പരിശോധിച്ച ഡോക്ടർ വ്യക്തമാക്കി. മരിച്ചയാൾ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും, ഇതിനെ തുടർന്നാണ് കൊലപാതകം നടത്തിയെതെന്നും പ്രതി കോടതിയിൽ വ്യക്തമാക്കി. അതേസമയം കൊലപാതകം, തീവെപ്പ്, മൃതദേഹത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചേർത്താണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും ഉത്തരവിട്ടു. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് പ്രതി ബഹ്റൈനിലെത്തിയത്.
aa