അയൽവാസിയെ കുത്തിക്കൊന്ന കേസ്; പ്രതിക്ക് വധശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി

പ്രദീപ് പുറവങ്കര
പാർക്കിംഗ് സ്ഥലത്തെ തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തിക്കൊലപ്പെടുത്തിയ മധ്യവയസ്കന് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. സക്കൂരയിൽ 57 വയസ്സുകാരനായ അലി മഹ്ദി അൽബസ്രിയെ കൊലപ്പെടുത്തിയ കേസിലാണ് ബഹ്റൈൻ സ്വദേശിയായ പ്രതിക്ക് വധശിക്ഷ ലഭിച്ചത്. ഇതോടൊപ്പം മരിച്ചയാളുടെ നിയമപരമായ അവകാശികൾക്ക് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
2025 ഫെബ്രുവരി 27-ന് രാവിലെയായിരുന്നു സംഭവം നടന്നത്. ഭക്ഷണം വാങ്ങാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് കൊല്ലപ്പെട്ടയാൾ
നാൽപത് വയസ് പ്രായമുള്ള പ്രതിയുമായി പാർക്കിങ്ങുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഏർപ്പെട്ടത്. തുടർന്നാണ് കൊലപാതകം നടന്നത്. കഴുത്തിലും നെഞ്ചിലും വയറ്റിലുമായി ഏഴ് തവണയാണ് കുത്തേറ്റത്. ഇരയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത മെഡിക്കൽ എക്സാമിനർ, കുത്തേറ്റ മുറിവുകളാണ് മരണകാരണമെന്നും വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സുരക്ഷാ ക്യാമറ ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
വിചാരണയുടെ ആദ്യഘട്ടത്തിൽ താൻ ചെയ്തത് ആസൂത്രിതമായ കൊലപാതകമാണെന്ന് പ്രതി സമ്മതിച്ചിരുന്നു. എന്നാൽ, പിന്നീട് ഇത് പിൻവലിക്കുകയും തനിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും പ്രതിഭാഗം വാദിച്ചു.എന്നാൽ, പ്രതിക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ കമ്മീഷൻ വ്യക്തമാക്കുകയായിരുന്നു. തുടർന്നാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നു. അതേസമയം ഈ വിധിക്ക് മേലുള്ള അപ്പീൽ നടപടികൾ തുടരും.
aa