തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിൽ ജമ്മുകാഷ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അറസ്റ്റിൽ
തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിൽ ജമ്മുകാഷ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. ഷെയ്ഖ് ആദിൽ മുഷ്താഖിനെതിരെയാണ് നടപടിയെടുത്തത്. ഒരു ഭീകരനെ സഹായിച്ചെന്നും പോലീസുകാരനെ കള്ളക്കേസിൽ പ്രതിയാക്കാൻ ശ്രമിച്ചെന്നുമാണ് ഷെയ്ഖ് ആദിൽ മുഷ്താഖിനെതിരെയുള്ള ആരോപണം. ഈ ഉദ്യോഗസ്ഥൻ അഴിമതിയാരോപണവും നേരിടുന്നുണ്ട്. ശ്രീനഗറിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ ആറു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. മുസാമിൽ സഹൂർ എന്ന ഭീകരനെ പോലീസ് ജൂലൈയിൽ പിടികൂടിയിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നുമാണ് ആദിൽ മുഷ്താഖുമായുള്ള ബന്ധം പുറത്തായത്. മൊബൈൽഫോൺ ആപ്ലിക്കേഷനായ ടെലിഗ്രാമിൽ കൂടിയാണ് ഇരുവരും ആശയവിനിമയം നടത്തിയിരുന്നത്. ഇരുവരും തമ്മിൽ 40 പ്രാവശ്യത്തോളം ഫോൺ വിളിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരിയിൽ ശ്രീനഗർ പോലീസ് മൂന്ന് ലഷ്‌കർ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് 31 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മുസാമിൽ സഹൂർ എന്ന ഭീകരനെക്കുറിച്ച് വിവരം ലഭിച്ചത്.
ഭീകരാക്രമണക്കേസ് പ്രതികളെ ആദിൽ മുഷ്താഖ് സഹായിച്ചുവെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ഒരു പോലീസ് ഉദ്യോഗസ്ഥനെ കള്ളക്കേസിൽ പ്രതിയാക്കാൻ ആദിൽ ശ്രമിച്ചുവെന്നും ഉന്നതപോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഭീകരരിൽ നിന്നും ആദിൽ മുഷ്താഖ് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജൂലൈയിൽ മുസാമിൽ സഹൂർ അറസ്റ്റിലാകുന്നതിന് നാല് ദിവസം മുമ്പ്, തീവ്രവാദ ഫണ്ടിംഗ് കേസ് അന്വേഷിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ ആദിൽ മുഷ്താഖ് വ്യാജപരാതി നൽകിയിരുന്നു. എല്ലാ പരാതികളുടെയും പിന്നിൽ ആദിൽ തന്നെയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. അറസ്റ്റിലായ ഉദ്യോഗസ്ഥനെതിരെ നിരവധി പേരാണ് പരാതിയുമായി വരുന്നതെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ പണം തട്ടൽ, ബ്ലാക്ക് മെയിൽ തുടങ്ങിയ ആരോപണങ്ങളുമുണ്ട്. എല്ലാ പരാതികളും പരിശോധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
gh