അർ‍പ്പിത മുഖർ‍ജിയുടെ മറ്റൊരു ഫ്ളാറ്റിലും റെയ്ഡ്; 20 കോടിയിലേറെ രൂപയും സ്വർണവും കണ്ടെത്തി


അറസ്റ്റിലായ പശ്ചിമ ബംഗാൾ‍ മന്ത്രിയും തൃണമൂൽ‍ കോൺഗ്രസ് നേതാവുമായ പാർ‍ഥ ചാറ്റർ‍ജിയുടെ അനുയായി അർ‍പ്പിത മുഖർ‍ജിയുടെ മറ്റൊരു ഫ്ളാറ്റിലും ഇ.ഡി പരിശോധന. ബെൽഘാരിയയിലെ ഫ്ളാറ്റിൽ‍ നടത്തിയ പരിശോധയിൽ‍ 20 കോടിയിലേറെ രൂപയും സ്വർണക്കട്ടികളും ആഭരണങ്ങളും കണ്ടെത്തി. ഇതുവരെ അർ‍പ്പിതയിൽ‍ നിന്ന് പിടിച്ചെടുത്തത് 40 കോടി രൂപയിലേറെയാണ്.   അർപ്പിതയുടെ ടോളിഗഞ്ചിലെ ഫ്ളാറ്റിൽ ജൂലൈ 23ന് നടത്തിയ പരിശോധനയിൽ 21.9 കോടിരൂപയും 76 ലക്ഷം രൂപയുടെ കണക്കിൽപ്പെടാത്ത ആഭരണങ്ങളും വിദേശനാണ്യങ്ങളും കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇവർ‍ അറസ്റ്റിലാകുന്നത്. പാർ‍ഥ ചാറ്റർ‍ജി തന്‍റെ വീട് പണം സൂക്ഷിക്കാനുള്ള മിനി ബാങ്കായി ഉപയോഗിച്ചിരുന്നുവെന്ന് അർ‍പ്പിത മൊഴി നൽ‍കിയിരുന്നു. മന്ത്രിയും അദ്ദേഹത്തിന്റെ ആളുകളും മാത്രമാണ് പണം സൂക്ഷിച്ചിരുന്ന മുറിയിൽ‍ പ്രവേശിച്ചിരുന്നത്. എല്ലാ ആഴ്‌ചയിലും അല്ലെങ്കിൽ 10 ദിവസം കൂടുമ്പോഴെങ്കിലും മന്ത്രി തന്റെ വീട് സന്ദർശിക്കാറുണ്ടായിരുന്നുവെന്നും അർ‍പ്പിത മൊഴി നൽ‍കി.

ബംഗാളി നടിയും മോഡലുമായിരുന്നു അർ‍പ്പിത മുഖർ‍ജി. ഒരു ബംഗാളി നടന്‍ മുഖേനയാണ് പാർഥ ചാറ്റർജിയുമായി പരിചയപ്പെടുന്നതെന്നും 2016 മുതൽ അദ്ദേഹവുമായി അടുപ്പമുണ്ടെന്നും അർ‍പ്പിത പറഞ്ഞു. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനത്തിൽ ക്രമക്കേട് നടത്തിയെന്നാണ് പാർ‍ഥ ചാറ്റർ‍ജിക്കെതിരായ കേസ്. കോളജുകൾ‍ക്ക് അംഗീകാരം നൽ‍കാനും അധ്യാപകരുടെ സ്ഥലംമാറ്റങ്ങൾ‍ക്കും മന്ത്രി കോഴ വാങ്ങിയിരുന്നുവെന്നും അർ‍പിതയുടെ മൊഴിയിൽ‍ പറയുന്നു. നിർണായക വിവരങ്ങളടങ്ങിയ ഡയറിയും അർപ്പിതയുടെ വീട്ടിൽനിന്ന് കണ്ടെടുത്തതായാണ് ഇ.ഡി വൃത്തങ്ങൾ‍ വ്യക്തമാക്കുന്നത്. അധ്യാപക നിയമന അഴിമതിക്കേസിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ വിവരങ്ങൾ ഇതിലുണ്ടെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ‍ നൽ‍കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് തൃണമൂൽ എം.എൽ.എ. മണിക് ഭട്ടാചാര്യയെ ഇ.ഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.   

You might also like

  • Lulu Exhange
  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed