സിക്ക ബാധിച്ച യുവതിയുടെ നില തൃപ്തികരം


കോഴിക്കോട്: നിപ്പയ്ക്കു പിന്നാലെ ജില്ലയിൽ‍ യുവതിക്കു സിക്ക വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്. വൈറസ് വ്യാപിക്കാതിരിക്കാനുള്ള എല്ലാ നടപടികളും പൂർ‍ത്തിയാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിതയായ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഈ മാസം 17ന് ബംഗരുവിൽ‍നിന്നാണ് യുവതി കോഴിക്കോടെത്തിയത്. വയറു വേദനയും പനിയുമുൾ‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടർ‍ന്നു സ്വകാര്യ ആശുപത്രിയിൽ‍ ചികിത്സ തേടിയിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ‍ സിക്ക വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടർ‍ന്ന് ഉടൻ‍ ആരോഗ്യപ്രവർ‍ത്തകർ‍ രോഗിയുടെ ചേവായൂരിലുള്ള വീടും പരിസരവും ശുചീകരിക്കുകയും മറ്റും ചെയ്തിരുന്നു. പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു സാന്പിൾ‍ പരിശോധനയ്ക്കായി അയച്ചു. ഈ പരിശോധനാ ഫലമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 

അതേസമയം, വൈറസ് ബാധിതയായിരുന്ന യുവതിയിപ്പോൾ‍ രോഗമുക്തയാണ്. വീട്ടിലെ കുടുംബാംഗങ്ങൾ‍ക്കോ ഒപ്പമുള്ളവർ‍ക്കോ വൈറസ് ബാധയില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഡെങ്കി, ചിക്കുൻഗുനിയ വൈറസുകൾ‍ പകരുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തിൽ‍പെട്ട കൊതുകുകൾ‍ പരത്തുന്ന രോഗമാണ് സിക്ക വൈറസ്. ‌പനി, ചുവന്ന പാടുകൾ‍, തലവേദന, ഛർ‍ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ‍. ഗർ‍ഭിണികൾ‍ക്കു സിക്ക വൈറസ് പിടിപെടുന്നതോടെ ജനിക്കുന്ന കുട്ടികളുടെ അംഗവൈകൽയത്തിനു കാരണമാവാറുണ്ട്. ജൂലൈയിലാണ് സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചത്.

You might also like

Most Viewed