ഒമിക്രോൺ: ഇന്ത്യയിൽ ജനുവരിയിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന ബിഗ് ബജറ്റ് ചിത്രങ്ങൾ മാറ്റിവെച്ചു


ഇന്ത്യയിൽ ഒമിക്രോൺ ഭീതി പടർത്തുന്ന വേളയിൽ റിലീസ് മാറ്റി വച്ച് വന്പൻ ചിത്രങ്ങൾ. ജനുവരിയിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് റിലീസ് മാറ്റിവച്ചത്.എന്നാൽ മലയാള ചിത്രങ്ങളായ മേപ്പടിയാനും സല്യൂട്ടും ജനുവരി 14ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നുണ്ട്.

ഷാഹിദ് കപൂർ നായകനായെത്തുന്ന ബോളിവുഡ് ചിത്രം ജേഴ്സിയാണ് റിലീസ് മാറ്റിവച്ച ആദ്യ ചിത്രം. നാനി നായകനായെത്തിയ തെലുങ്ക് ചിത്രം ജേഴ്സിയുടെ റീമേയ്ക്ക് ആണിത്. ഗൗതം ടിന്നാന്നൂരി സംവിധാനം ചെയ്ത ചിത്രം ഡിസംബർ 31നാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്.

എസ്.എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആർആർആർ ആണ് ഇതിന് പിന്നാലെ റിലീസ് മാറ്റി വച്ചത്. രാം ചരൺ, ജൂനിയർ എൻടിആർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ തുടങ്ങിയവർ വേഷമിടുന്ന ചിത്രം ജനുവരി ഏഴിനാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് നിയന്ത്രണം ശക്തമാവുകയും തീയേറ്ററുകൾ അടച്ചിടാൻ തീരുമാനിക്കുകയും ചെയ്തതോടെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കും.

പ്രഭാസ് നായകനായെത്തുന്ന ബഹുഭാഷാ ചിത്രം രാധേ ശ്യാമും ജനുവരി 14 ലെ റിലീസ് മാറ്റിവച്ചതായി അണിയറപ്രവർത്തകർ അറിയിച്ചു. രാധാകൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡേ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

അജിത് കുമാർ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം വലിമൈയുടെ റിലീസും നീട്ടിയതായി അണിയറപ്രവർത്തകർ അറിയിച്ചു. ഈ മാസം 13ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് കോവിഡ് സാഹചര്യം മൂലം മാറ്റിവച്ചത്. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആരാധകരുടെ തിയറ്റർ അനുഭവത്തിനായി തങ്ങളും കാത്തിരിപ്പിലായിരുന്നെന്നും എന്നാൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അവരുടെതന്നെ സുരക്ഷയെ കരുതി റിലീസ് നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും വലിമൈ ടീം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. പുതിയ തീയതി പിന്നീട് അറിയിക്കും.

അക്ഷയ് കുമാർ നായകനായെത്തുന്ന പൃഥ്വിരാജ് ആണ് ജനുവരി റിലീസ് മാറ്റി വച്ച മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്ര. യഷ് രാജ് ഫിലിംസ് ഒരുക്കുന്ന ചിത്രം ജനുവരി 21നാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്. പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

You might also like

Most Viewed