നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇന്ത്യൻ വംശജരായ സമ്പന്ന സഹോദരങ്ങളെ ദുബൈ പൊലീസ് പിടികൂടി


ദക്ഷിണാഫ്രിക്കയിൽ കള്ളപ്പണ ഇടപാട് അടക്കം ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെട്ട ഇന്ത്യൻ വംശജരായ സമ്പന്ന സഹോദരങ്ങളെ ദുബൈ പൊലീസ് പിടികൂടി. ദക്ഷിണാഫ്രിക്കൻ പൊലീസ് തിരയുന്ന ഏറ്റവും വലിയ കുറ്റകൃത്യങ്ങളിൽ പങ്കാളികളായവരുടെ പട്ടികയിലെ അതുൽ ഗുപ്ത, രാജേഷ് ഗുപ്ത എന്നിവരാണ് പിടിയിലായത്. ഇന്‍റർപോൾ ഇവർക്കെതിരെ നേരത്തേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവരുടെ അറസ്റ്റ് ദക്ഷിണാഫ്രിക്കൻ സർക്കാറും ദുബൈ പൊലീസും സ്ഥിരീകരിച്ചു. കുറ്റവാളികളെ കൈമാറൽ നിയമപ്രകാരം ഇവരെ വിട്ടുകൊടുക്കുന്ന കാര്യത്തിൽ യു.എ.ഇയിലെയും ദക്ഷിണാഫ്രിക്കയിലെയും എൻഫോഴ്സ്മെന്‍റ് ഏജൻസികൾ തമ്മിൽ ചർച്ച നടക്കുകയാണ്. ദുബൈ പൊലീസ് അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് ഈ ആഴ്ചയിൽതന്നെ ഡെന്മാർക്കിൽ തട്ടിപ്പ് നടത്തിയ ബ്രിട്ടീഷുകാരനെ പിടികൂടിയിരുന്നു. 

കള്ളപ്പണം ചെറുക്കുന്നതിൽ യു.എ.ഇ നടത്തുന്ന പരിശ്രമങ്ങളാണ് ഗുപ്ത സഹോദരങ്ങളുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് ദുബൈ പൊലീസ് പറഞ്ഞു.   യു.എ.ഇ നീതിന്യായ മന്ത്രാലയം, ദുബൈ പബ്ലിക് പ്രോസിക്യൂഷൻ, കള്ളപ്പണം−തീവ്രവാദ ഫണ്ടിങ് എന്നിവ തടയാനുള്ള എക്സിക്യൂട്ടിവ് ഓഫിസ്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് നാലുവർഷമായി യു.എ.ഇയിലും മറ്റുമായി കഴിയുന്ന പ്രതികളെ പിടികൂടിയത്. 1993ൽ ഇന്ത്യയിൽനിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയതാണ് ഗുപ്ത കുടുംബം. പിന്നീട് ഖനനം, കമ്പ്യൂട്ടർ സാങ്കേതികവിദ്യ, മാധ്യമ മേഖല എന്നിവയിൽ വിപുലമായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു. മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് ജേക്കബ് സുമയടക്കം പ്രമുഖരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. രാജ്യത്തെ വൻ ബിസിനസുകാരെന്ന നിലയിൽ ദക്ഷിണാഫ്രിക്കൻ പൗരത്വവും ലഭിച്ചു. 2018ൽ സർക്കാർ സ്ഥാപനങ്ങളിൽനിന്നും കോടികൾ തട്ടിയെടുത്ത് ഗുപ്ത കുടുംബം കടന്നുകളഞ്ഞു എന്നാണ് ആരോപിക്കപ്പെടുന്ന കുറ്റം. സാമ്പത്തിക തിരിമറി പുറത്തുവന്നതോടെ ജേക്കബ് സുമക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പുറത്തായിരുന്നു. ഇന്ത്യയിലും കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇവർ നേരിടുന്നുണ്ട്.

You might also like

Most Viewed