കപ്പലിനുള്ളിൽ വച്ചു ഹൃദയാഘാതം; നാവികനെ എയർലിഫ്റ്റ് ചെയ്തു രക്ഷിച്ചു പൊലീസ്

വാണിജ്യ കപ്പലിൽ വെച്ച് ഹൃദയാഘാതമുണ്ടായ നാവികനെ രക്ഷപെടുത്തി ദുബായ് പൊലീസ്. എയർലിഫ്റ്റ് ചെയ്താണ് ദുബായ് പൊലീസ് നാവികനെ രക്ഷപ്പെടുത്തിയത്. ദുബായിയുടെ സമുദ്രാതിർത്തിക്കു പുറത്തായിരുന്നു സംഭവം നടക്കുമ്പോൾ കപ്പൽ ഉണ്ടായിരുന്നത്. 64 കാരനായ പോളിഷ് നാവികനെയാണു ഹെലികോപ്റ്ററിലൂടെ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു തങ്ങൾക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചതെന്ന് ദുബായ് പൊലീസ് എയർ വിങ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഖൽഫാൻ അൽ മസ്റൂയി പറഞ്ഞു.
ഹൃദയാഘാതം സംഭവിച്ച നാവികന് പോലീസിൽ അറിയിച്ച് അടിയന്തിരമായി വൈദ്യ സഹായം എത്തിക്കുകയായിരുന്നു. അറേബ്യൻ കടലിൽ 28 നോട്ടിക്കൽ മൈൽ അകലെയാണ് എയർ വിങ് കപ്പൽ കണ്ടെത്തിയത്. ഹെലികോപ്റ്റർ കപ്പലിന് മുകളിലൂടെ പറന്ന് പാരാമെഡിക്കുകളെ കപ്പലിലേക്ക് ഇറക്കുകയായിരുന്നു. രക്ഷാ ക്രെയിൻ ഉപയോഗിച്ചാണു നാവികനെ ഹെലികോപ്റ്ററിലേക്ക് എത്തിച്ചത്. നാവികനെ സുരക്ഷിതമായി കപ്പലിൽ എത്തിച്ച് ആശുപത്രിയിൽ എത്തിക്കുന്നത് വരെ പാരാമെഡിക്കുകൾ ആവശ്യമായ എല്ലാ വൈദ്യസഹായവും നാവികന് നൽകി. പിന്നീട് തുടർ ചികിത്സക്കായി റാഷിദ് ആശുപത്രിയിലെത്തിച്ചെന്നും കേണൽ അൽ മസ്റൂയി പറഞ്ഞു.
കപ്പൽ ജീവനക്കാരുടെ അവസോരിചിതമായ ഇടപെടലും പ്രൊഫഷണലിസവുമാണ് നാവികന്റെ ജീവന് രക്ഷയായത്. കപ്പൽ ജീവനക്കാരുടെയും പോലീസിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.