യു.എ.ഇയിലേക്ക് പോകുന്നവർക്കും വരുന്നവർക്കും ലഗേജിൽ ഉൾപ്പെടുത്താവുന്നതും അനുവദനീയമല്ലാത്തതും എന്തൊക്കെ?
ദുബൈ: യു.എ.ഇയിലേക്ക് പോകുന്നതും യു.എ.ഇയിൽ നിന്ന് വരുന്നതുമായ യാത്രക്കാർക്ക് ലഗേജിൽ എന്തെല്ലാം ഉൾപ്പെടുത്താം എന്നത് സംബന്ധിച്ച് പുതിയ നിർദേശമിറക്കി ഫെഡറൽ കസ്റ്റംസ് അതോറിറ്റി. രാജ്യ സുരക്ഷ ലക്ഷ്യമിട്ടാണ് പ്രധാനമായും പുതിയ നിർദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
മൂവി പ്രൊജക്ഷൻ ഉപകരണങ്ങൾ, റേഡിയോ, സി.ഡി പ്ലെയർ, ഡിജിറ്റർ ക്യാമറ, ടി.വി, കംപ്യൂട്ടർ, പ്രിന്റർ, മരുന്നുകൾ, തുടങ്ങിയവ ലഗേജിൽ ഉൾപ്പെടുത്താമെന്ന് എഫ്.സി.എയുടെ പുതിയ ലിസ്റ്റിലും പറയുന്നുണ്ട്. 3000 ദിർഹത്തിനുമുകളിലുള്ള ഗിഫ്റ്റുകൾ ഇനിമുതൽ അനുവദനീയമല്ല. 200 സിഗരറ്റിൽ കൂടുതൽ ലഗേജിൽ ഉൾപ്പെടുത്താൻ പാടില്ല. പുകയില ഉത്പന്നങ്ങളും മദ്യവും 18 വയസിൽ താഴെയുള്ളവരുടെ ലഗേജിൽ അനുവദിക്കില്ല. ആറായിരം ദിർഹത്തിന് മുകളിൽ പണം കൈവശമുള്ളവർ മൂൻകൂട്ടി അറിയിക്കണമെന്നും നിർദേശമുണ്ട്.
ചൂതാട്ടവുമായി ബന്ധപ്പെട്ട ഉപകരണങ്ങളോ മെഷിനുകളോ യാത്രയിൽ അനുവദിക്കില്ല. നൈലോണ്‍ ഫിഷിങ്ങ് നെറ്റുകൾ, മൃഗങ്ങൾ, ആനക്കൊന്പ്, കടും ചുവപ്പ് ലൈറ്റുകളുള്ള ലേസർ പെൻ, ആണവ വികിരണങ്ങളുള്ള ഉത്പന്നങ്ങൾ, മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പബ്ലിക്കേഷൻസ്, ചിത്രങ്ങൾ, ശിൽപങ്ങൾ, പാന്‍മസാല ഉത്പന്നങ്ങൾ, വെറ്റില തുടങ്ങിയവ ലഗേജിൽ അനുവദിക്കില്ല.
കോംപീറ്റന്റ് അതോറിറ്റിയുടെ അനുമതിയോടെ നിയന്ത്രണങ്ങളുള്ള ചില ഉത്പന്നങ്ങൾ യാത്രയിൽ അനുവദിക്കുമെന്നും എഫ്.സി.എ പറഞ്ഞു. മൃഗങ്ങൾ, ചെടി, വളം, കീടനാശിനികൾ, ആയുധങ്ങൾ, പടക്കങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ചില മരുന്നുകൾ, തുടങ്ങിയവയ്ക്ക് പ്രത്യേക അനുമതിയോടെ ഇളവുകൾ ലഭിക്കും.

